Life In Christ

നാഷ്ണല്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും തിരുപ്പട്ടത്തിലേക്ക്: കോസ്റ്ററിക്കന്‍ വൈദികന്റെ ആത്മീയ യാത്ര മാധ്യമ ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 02-02-2023 - Thursday

കോസ്റ്ററിക്കന്‍ നാഷ്ണല്‍ ഇന്റലിജന്‍സ് ആന്‍ഡ്‌ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഇന്റലിജന്‍സ് എജന്റ് പദവി രാജിവെച്ച് ജീവിതം പൗരോഹിത്യത്തിനായി സമര്‍പ്പിച്ച കോസ്റ്ററിക്കന്‍ വൈദികന്‍ ഫാ. ലൂയിസ് എന്‍റിക്ക് ഗുയില്ലെന്റെ തിരുപ്പട്ടത്തിലേക്കുള്ള ആത്മീയ യാത്ര മാധ്യമ ശ്രദ്ധ നേടുന്നു. സമീപകാലത്ത് കുരിഡാബാട്ട് പട്ടണത്തിലെ സാന്‍ ജോസ് പ്രവിശ്യയിലെ വിശുദ്ധ അന്തോണീസ് ഇടവക വികാരിയായി നിയമിതനായ ഫാ. ഗുയില്ലെന്‍, കോസ്റ്ററിക്കന്‍ ചാനലായ ടെലിറ്റിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേശീയ സുരക്ഷ ഏജന്‍സിയില്‍ നിന്നും തിരുപ്പട്ടത്തിലേക്കുള്ള തന്റെ ആത്മീയ യാത്രയേക്കുറിച്ച് വിവരിച്ചത്.

“പൗരോഹിത്യ അനുഭവം വളരെ മനോഹരമാണ്. ഈ മിനിസ്ട്രിയില്‍ ദൈവം എനിക്ക് നല്‍കിയതെല്ലാംവെച്ച് നോക്കുമ്പോള്‍ ഞാന്‍ നേരത്തേ നേടിയതൊന്നും ഒന്നുമല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയുവാന്‍ കഴിയും”- കഴിഞ്ഞ 20 വര്‍ഷങ്ങളായി ദൈവരാജ്യത്തിനു വേണ്ടി ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ഗുയില്ലെന്‍ പറഞ്ഞു. സെമിനാരിയില്‍ ചേരുന്നതിനു മുന്‍പ് താന്‍ നിരവധി ജോലികള്‍ ചെയ്തിട്ടുണ്ടെന്നും. അന്നു തനിക്കൊരു കാമുകി ഉണ്ടായിരുന്നെന്നും ഫാ.ഗുയില്ലെന്‍ വെളിപ്പെടുത്തി. സ്കൂള്‍ പഠനശേഷം ഒരു അധ്യാപകനായിട്ടായിരുന്നു ഗുയില്ലെന്‍ തൊഴില്‍ ജീവിതം ആരംഭിച്ചത്.

അതിനു ശേഷം അദ്ദേഹം ജുവാന്‍ സാന്താമരിയ എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സില്‍ ജോലി ചെയ്തു. പിന്നീടാണ് കോസ്റ്ററിക്കന്‍ ഇന്റലിജന്‍സ് ആന്‍ഡ്‌ സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ (ഡി.ഐ.എസ്) നിയമിതനാകുന്നത്. കോസ്റ്ററിക്കന്‍ പ്രസിഡന്‍സിയുടെ മന്ത്രാലയത്തിനു കീഴിലുള്ള പോലീസ് ഏജന്‍സിയാണ് ഡി.ഐ.എസ്. ഏജന്‍സിയില്‍ താന്‍ വര്‍ഷങ്ങളോളം സേവനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ അന്‍പത്തിരണ്ടുകാരനായ ഫാ. ഗുയില്ലെന്‍ ഇപ്പോഴും തനിക്ക് ഏജന്‍സിയുമായി ബന്ധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിനാലാമത്തെ വയസ്സിലാണ് ജീവിതത്തെ കുറിച്ചുള്ള വളരെ നിര്‍ണ്ണായകമായ ചോദ്യങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ ഉയരുന്നത്. താന്‍ കടന്നുപോയ വര്‍ഷങ്ങള്‍, എന്താണ് താന്‍ ആഗ്രഹിക്കുന്നത്? എവിടേക്കാണ് പോകേണ്ടത്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ മുന്നില്‍ ഉയരുകയായിരിന്നുവെന്ന് ഫാ. ഗുയില്ലെന്‍ പറയുന്നു. മൂന്നാഴ്ചയോ, മൂന്ന്‍ മാസമോ, മൂന്ന്‍ വര്‍ഷങ്ങളോ എത്രയാണെങ്കിലും സെമിനാരിയില്‍ ചേരണമെന്ന തന്റെ ആഗ്രഹം ഗുയില്ലെന്‍ മാതാപിതാക്കളോടു പറഞ്ഞു. അന്ന് സെമിനാരിയില്‍ ചേര്‍ന്ന താന്‍ ഇപ്പോള്‍ പൗരോഹിത്യത്തില്‍ 21 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന്‍ ഫാ. ഗുയില്ലെന്‍ വെളിപ്പെടുത്തി.

പൗരോഹിത്യം എന്നാല്‍ ഭൗതീക സുഖങ്ങളും, വസ്തുക്കളും ത്യജിക്കുവാന്‍ പഠിക്കുന്നതും ദൈവ പരിപാലനയില്‍ പൂര്‍ണ്ണമായും ആശ്രയം തേടുന്നതുമായിരിന്നുവെന്നു അദ്ദേഹം പറയുന്നു. “ക്രെഡിറ്റ് കാര്‍ഡുകളും, മാസ ശമ്പളവും വേണ്ടെന്നു വെക്കുകയും, ദൈവത്തില്‍ ആശ്രയിക്കുവാന്‍ തുടങ്ങുന്നതുമായിരിന്നു അതെന്നും" ഫാ. ഗുയില്ലെന്‍ സ്മരിച്ചു. "ദൈവം ഒരിക്കലും തോല്‍ക്കില്ല, അവന്‍ സദാ വിശ്വസ്തനാണ്, കാരണം അവനാണ് നമുക്ക് വേണ്ടതെല്ലാം നല്‍കുന്നത്" - ഫാ. ഗുയില്ലെന്‍ പറയുന്നു. 2002 മാര്‍ച്ച് 19-നായിരുന്നു ഗുയില്ലെന്റെ തിരുപ്പട്ട സ്വീകരണം. 21 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 10 വര്‍ഷങ്ങള്‍ കോസ്റ്ററിക്കന്‍ പബ്ലിക് (പോലീസ്) ഫോഴ്സില്‍ ചാപ്ലൈനായിട്ടായിരുന്നു അദ്ദേഹം സേവനം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

Tag: Costa Rican priest shares his journey from intelligence agent to the Catholic priesthood, Father Luis Enrique Guillén, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 86