Life In Christ - 2024
അന്‍പത്തിയാറാമത് ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന് ആരംഭം
പ്രവാചകശബ്ദം 20-01-2023 - Friday
റോം: ക്രൈസ്തവ ഐക്യത്തിനായുള്ള അഷ്ടദിന പ്രാർത്ഥനയ്ക്കു ബുധനാഴ്‌ച ആരംഭമായി. ഏശയ്യാ പ്രവാചകൻറെ പുസ്തകം ഒന്നാം അധ്യായത്തിലെ പതിനേഴാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത “നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ; നീതി അന്വേഷിക്കുവിൻ” (ഏശയ്യാ 1,17) എന്ന വാക്യമാണ് ജനുവരി 18-25 വരെ നീളുന്ന ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന്റെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.
സമാപന ദിനമായ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ആഘോഷമായ സായാഹ്ന പ്രാർത്ഥന നയിക്കും. ക്രൈസ്തവ ഐക്യത്തിനായുള്ള സമാപന പ്രാര്‍ത്ഥനയില്‍ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ പ്രതിനിധികൾ സംബന്ധിക്കും. കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്.
ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോക സമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും ഒരു എക്യുമെനിക്കൽ സ്വഭാവം കൈവരുകയുമായിരിന്നു.