India - 2024

'കക്കുകളി' നാടകം സാംസ്കാരിക കേരളത്തിന് അപമാനം: കെസിബിസി

പ്രവാചകശബ്ദം 11-03-2023 - Saturday

കൊച്ചി: കക്കുകളി എന്ന നാടകത്തിലെ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കത്തെ അപലപിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. സാംസ്കാരിക കേരളത്തിന് പ്രസ്തുത നാടകാവതരണം അപമാനകരമാണെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ വിവിധ മെത്രാന്മാരുടെയും കെസിബിസി കമ്മീഷൻ പ്രതിനിധികൾ, സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തിൽ നടന്ന യോഗത്തില്‍ വിലയിരുത്തി.

നാടകത്തിനും സാഹിത്യ രചനകൾക്കും എക്കാലവും വ്യക്തമായ സാമൂഹിക പ്രസക്തിയുണ്ട്. തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാൽ, ആ ചരിത്രത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത്. അംഗീകരിക്കാനാവില്ല. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സംസാരിക്കാനും അവർക്ക് നീതി നടത്തിക്കൊടുക്കാനും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ സാദ്ധ്യതകൾ ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട ചരിത്രങ്ങളുണ്ട്.

അതേസമയം, ഉപേക്ഷിക്കപ്പെട്ടവരെയും ദുർബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും കേരളസമൂഹത്തിൽ സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണയിൽ കഴിയുന്നതിനേക്കാൾ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാൽ പരിരക്ഷിക്കപ്പെടുന്നു. ഇത്തരത്തിൽ കേരളത്തിൽ അതുല്യമായ സേവന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകൾ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണ്.

ഒരു കഥാകാരന്റെ ഭാവനാ സൃഷ്ടിയിൽ വികലവും വാസ്തവവിരുദ്ധവുമായ കൂട്ടിച്ചേർക്കലുകൾ നടത്തി, കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങൾ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാത്മകമാണ്. വാസ്തവം തിരിച്ചറിഞ്ഞ് പ്രതീകരിക്കാനും, ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്കാരിക സമൂഹം തയ്യാറാകണം. അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.


Related Articles »