India - 2024

കുമരകത്തെ ജി20 സമ്മേളനത്തിനിടയിലും ഓശാന തിരുനാൾ ശുശ്രൂഷ മുടക്കാതെ അമേരിക്കന്‍ പ്രതിനിധി ജോൺ വില്യം

ദീപിക 03-04-2023 - Monday

കുമരകം: സെന്റ് ജോൺസ് വടക്കുംകര പള്ളിയിലെ ഓശാന തിരുനാൾ ശുശ്രൂഷയിൽ ജി- 20 പ്രതിനിധിയും പങ്കെടുത്ത് അനുഗൃഹീതനായി. ജി-20 യുടെ ഷെർപയായി കുമരകത്ത് എത്തിയ അമേരിക്കൻ പ്രതിനിധി ജോൺ വില്യം ഷിൻണ്ടറാണ് ഇന്നലെ രാവിലെ നടന്ന ഓശാന തിരുക്കർമങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തത്. യുഎസ്എ യിലെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി ബോർഡിന്റെ സെക്രട്ടറി ജനറലാണ് ജോൺ വില്യം ഷിൻണ്ടർ. ശുശ്രൂഷകളില്‍ സംബന്ധിക്കാൻ രാവിലെ 6.40നു ജോൺ വില്യം ദേവാലയത്തിലെത്തി. കനത്ത സുരക്ഷയിലായിരുന്നു പള്ളിയിലെ സന്ദർശനം.

ചടങ്ങുകളിൽ പങ്കെടുത്തശേഷം ഇടവക അംഗങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് വിശേഷങ്ങൾ പങ്കുവച്ചു. തികഞ്ഞ കത്തോലിക്ക വിശ്വാസികളാണ് ജോൺ വില്യവും കുടുംബവും. കുമരകത്ത് എത്തിയ സമയം തന്നെ അന്വേഷിച്ചത് സമീപത്തെ കത്തോലിക്കാ ദേവാലയത്തെക്കുറിച്ചാണ് . ഇദ്ദേഹത്തിന്റെ സെക്രട്ടറി വടക്കുംകര പള്ളി വികാരി ഫാ. ബിജോ അരഞ്ഞാണിയിലിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. വികാരിയുമായി നടത്തിയ കുശലാന്വേഷണത്തിൽ തനിക്ക് അഞ്ചു മക്കളുണ്ടെന്നും മൂന്നാമൻ അമേരിക്കയിൽ വൈദിക വിദ്യാർഥിയാണെന്നും അറിയിച്ചു. രണ്ടു മണിക്കൂറിലേറെ നീണ്ട ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളിലും കുരുത്തോല പ്രദക്ഷിണത്തിലും സംബന്ധിച്ചാണ് ജോൺ വില്യം ഷെൻണ്ടർ മടങ്ങിയത് .


Related Articles »