India - 2024
തടവുപുള്ളികൾക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾക്കു വിലക്കിട്ട് സർക്കാർ
ദീപിക 05-04-2023 - Wednesday
കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികൾക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സർക്കാർ. ഇതുസംബന്ധിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ ജയിൽ സൂപ്രണ്ടുമാർക്ക് ലഭിച്ചു. ജയിലുകളിൽ വിശ്വാസപരമായ ആവശ്യങ്ങൾക്കു പുറമേ, ധാർമികബോധനം, കൗൺസലിംഗ്, പ്രചോദനാത്മകമായ ക്ലാസുകൾ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള എല്ലാ എൻജിഒകളുടെയും പ്രവേശനവും തടവുപുള്ളികൾക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണു ഡിജിപിയുടെ നിർദേശം.
വർഷങ്ങളായി ജയിലുകളിൽ ഇത്തരം സേവനങ്ങൾ നൽകിവരുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സന്നദ്ധപ്രവർത്തകർക്കും ജയിലുകളിൽ പ്രവേശനം നിഷേധിച്ചു. 2024 ജൂലൈ നാലുവരെ ജയിൽ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകൾക്ക് ജീസസ് ഫ്രട്ടേണിറ്റിക്കു സർക്കാർ അനു വാദം ഉണ്ടെന്നിരിക്കെയാണു മാർച്ച് 31ന് ഡിജിപിയുടെ ഉത്തരവിലൂടെ അതിനു വിലക്കു വന്നത്. ജയിലുകളിലെ ശുശ്രൂഷകൾക്കുള്ള അനുമതി ഓരോ വർഷവും പുതുക്കി നൽകുകയാണു പതിവ്. വിയ്യൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ആറു ജയിലുകളിൽ എല്ലാ വർഷവും വിശുദ്ധവാര ശുശ്രൂഷകൾ നടത്താറുണ്ടെന്ന് കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ പറഞ്ഞു.
കണ്ണൂർ, കാക്കനാട്, എറണാകുളം, ആലുവ, കൊല്ലം ജയിലുകളിലും തടവുപുള്ളികളുടെ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യമൊരുക്കാറുണ്ട്. ഡിജിപിയുടെ അപ്രതീക്ഷിത ഉത്തരവുമൂലം ഇക്കുറി ഓശാന ഞായറാഴ്ച എവിടെയും വിശുദ്ധ കുർബാന അർപ്പിക്കാനായില്ല. ജയിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്കുള്ള വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയിൽ ഡിജിപിക്കും നിവേദനം നൽകിയതായും ഫാ. മാർട്ടിൻ പറഞ്ഞു.
സംസ്ഥാനത്തെ 55 ജയിലുകളോടു ബന്ധപ്പെടുത്തി ജയിൽ മിനിസ്ട്രി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിവാര പ്രതിമാസങ്ങളിലും വർഷത്തിലെ നിശ്ചിത ദിവസങ്ങളി ലും ശുശ്രൂഷകൾ നടത്തുന്ന ജയിലുകളുണ്ട്. 32 രൂപതാസമിതികളുടെയും എട്ടു മേഖലകളുടെയും ഡയറക്ടർമാരാണു ജയിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.