News - 2024

2604 തടവുപുള്ളികൾക്ക് മാപ്പ് നൽകി ക്യൂബ: സന്തോഷം രേഖപ്പെടുത്തി കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 24-07-2019 - Wednesday

ഹവാന: രണ്ടായിരത്തിയറുനൂറോളം തടവുപുള്ളികൾക്ക് മാപ്പു നൽകാൻ തീരുമാനം എടുത്ത സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു ക്യൂബയിലെ സഭാനേതൃത്വം. തടവുപുള്ളികളുടെ കുടുംബങ്ങളുടെ സന്തോഷത്തോടൊപ്പം മെത്രാന്മാരും, വൈദികരും, ഡീക്കൻമാരും സന്യാസ്തരും അൽമായരും, തടവുപുള്ളികളുടെ ഇടയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തങ്ങളും പങ്കുചേരുന്നതായി ക്യൂബയിലെ മെത്രാൻ സമിതിയുടെ കമ്മീഷൻ ഏജൻസിയ ഫിഡെസ് എന്ന മാധ്യമത്തിന് നൽകിയ കുറിപ്പിൽ പറഞ്ഞു. കമ്മീഷൻ അധ്യക്ഷൻ മോൺസിഞ്ഞോർ ജോർജ് എൻട്രികോ സെർപ്പാ പെരസാണ് പ്രസ്തുത കുറിപ്പിൽ ഒപ്പുവെച്ചിരിക്കുന്നത്. ശിക്ഷാ ഇളവ് നൽകുന്നത് കരുണയുടെ മാനുഷിക പ്രതീകമാണെന്ന് കമ്മീഷന്റെ കുറിപ്പിൽ പറയുന്നു.

താന്‍ തടവിലായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു എന്നുള്ള ക്രിസ്തുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജയിൽ അജപാലന ശുശ്രൂഷയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധതിരിക്കാൻ പറ്റിയ സന്ദർഭമാണ് ഇതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം രാജ്യത്തിന്റെ പുതിയ ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള സമിതി 2604 പേർക്ക് മോചനം നൽകാൻ തീരുമാനിക്കുന്നത്. സ്ത്രീകളും, കുട്ടികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതി നൽകിയ തടവ് ശിക്ഷയിൽ മൂന്നിലൊരു ഭാഗമെങ്കിലും അനുഭവിച്ച് തിർത്തവരാണ് ഇവരെല്ലാവരും.


Related Articles »