News - 2024
പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാമത്തെ ലോക ദിനാചരണം ജൂലൈ 23ന്
പ്രവാചകശബ്ദം 15-04-2023 - Saturday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചുകൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ആഘോഷിക്കാൻ സഭ തയ്യാറെടുക്കുന്നു. "അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും" (ലൂക്ക 1:50) എന്ന പ്രമേയത്തോടെ 2023 ജൂലൈ 23 ഞായറാഴ്‌ചയാണ് പ്രായമായവർക്കു വേണ്ടിയുള്ള മൂന്നാമത്തെ ലോക ദിനാചരണം നടക്കുക.
യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു ചേർന്ന് എല്ലാ വർഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് സഭ ഈ ദിനം ആചരിക്കുന്നത്. 2021-ൽ ഫ്രാൻസിസ് പാപ്പയാണ് ഈ ദിനം സ്ഥാപിച്ചത്.
2023 ആഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനവുമായുള്ള ബന്ധം പ്രകടിപ്പിക്കുന്ന “അവന്റെ കാരുണ്യം തലമുറകൾ തോറും” (ലൂക്ക 1:50) എന്ന വിഷയമാണ് ഫ്രാൻസിസ് പാപ്പ ഈ വർഷത്തെ മുത്തശ്ശീ മുത്തച്ഛന്മാർക്കും, പ്രായമായവർക്കും വേണ്ടിയുള്ള ആഗോള ദിനത്തിനായി തിരഞ്ഞെടുത്തത്. ലോക യുവജന ദിനത്തിന്റെ പ്രമേയം "മറിയം എഴുന്നേറ്റു, തിടുക്കത്തിൽ പോയി" (ലൂക്ക 1:39) എന്നതാണ്.
പ്രായമായ തന്റെ ചാർച്ചകാരി എലിസബത്തിനെ കാണുവാനായി പുറപ്പെടുന്ന യുവതിയായ മേരി, സ്ത്രോത്രഗീതത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നതാണീ വിഷയമെന്നും ചെറുപ്പക്കാരും മുതിർന്നവരും തമ്മിലുള്ള സഖ്യത്തിന്റെ ശക്തിയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി. ആഗോള ദിനത്തിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.