News - 2024
ഇറാഖിലെ ക്രൈസ്തവരെ കുറിച്ചുള്ള ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്ന ഉദ്യമത്തിന് തുടക്കം കുറിച്ച് ഭരണകൂടം
പ്രവാചകശബ്ദം 03-05-2023 - Wednesday
ബാഗ്ദാദ്: ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്നതിനായി ഇലക്ട്രോണിക് വിവര ശേഖരണത്തിനു തുടക്കമിട്ടുകൊണ്ട് ഇറാഖി ഭരണകൂടം. രാജ്യത്ത് ക്രൈസ്തവര്‍ ഏതൊക്കെ മേഖലകളിലാണ് ഉള്ളതെന്നും, അവരുടെ വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ദ്യം, വിവാഹിതരാണോ അല്ലയോ, കുടുംബത്തിലെ അംഗങ്ങള്‍, തൊഴില്‍, വീടിന്റെ നിലവാരം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
മൈനോരിറ്റി ഫെയിത്ത് കമ്മ്യൂണിറ്റീസിന്റെ എന്‍ഡോവ്മെന്റ് ഓഫീസിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിസ്ത്യന്‍ അഫയേഴ്സ് തയാറാക്കിയ ഇലക്ട്രോണിക് ഫോം വഴിയാണ് വിവരശേഖരണം. അതേസമയം വിവരശേഖരണം നിര്‍ബന്ധമല്ലാത്തതിനാല്‍ ഇതിനെ ഇറാഖി ക്രിസ്ത്യാനികളുടെ ഔദ്യോഗിക സെന്‍സസായി പരിഗണിക്കുവാന്‍ കഴിയുകയില്ലായെന്നാണ് സൂചന. പദ്ധതിയുടെ വിജയത്തിനായി തങ്ങളുടെ ഇടവക ജനങ്ങളോട് ഫോം പൂരിപ്പിക്കുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിസ്ത്യന്‍ അഫയേഴ്സ് വിവിധ സഭാ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാജ്യത്തെ ക്രിസ്ത്യാനികളുടെ ഭൂമിശാസ്ത്രപരമായ വിതരണവും, അവരുടെ സാമൂഹികവും, തൊഴില്‍പരവുമായ അവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുവാന്‍ കഴിയുന്ന ഒരു ഉപാധിയായിട്ടാണ് ഫോം വികസിപ്പിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നായിട്ടാണ് ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങളെ കണ്ടുവരുന്നത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തോടെ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞിരിന്നു.