News - 2024

മണിപ്പൂര്‍ കലാപം: അക്രമികള്‍ തകർത്തത് 41 ക്രൈസ്തവ ദേവാലയങ്ങൾ

പ്രവാചകശബ്ദം 08-05-2023 - Monday

ഇംഫാല്‍: മണിപ്പൂരിലെ വംശീയ അതിക്രമത്തിൽ തകർന്നത് 41 ക്രൈസ്തവ ദേവാലയങ്ങൾ. ചെക്കോൺ, ന്യൂലാംബുലൻ, സംഗ്രൈപൗ, ഗെയിം വില്ലേജ് തുടങ്ങിയ വിവിധയിടങ്ങളിലായാണു ദേവാലയങ്ങൾ തകർക്കപ്പെട്ടതെന്ന് 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം അക്രമം, തീവെപ്പ്, ജീവഹാനി എന്നിവയിലേക്ക് നയിച്ചുവെന്നും സമൂഹം ശാന്തത പാലിക്കണമെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രസ്താവിച്ചു. ഇന്നലെ ഞായറാഴ്ച സമാധാനത്തിനായി പ്രാർത്ഥനാദിനമായി ആചരിക്കുവാന്‍ സംഘടന ആഹ്വാനം ചെയ്തിരിന്നു.

ചുരാചന്ദ്പൂർ ജില്ലയിലെ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ പറഞ്ഞു. ജില്ലയിലെ സ്ഥിതി വളരെ മോശമാണ്. സൈന്യം ഉണ്ടായിരുന്നിട്ടും പള്ളികൾ അഗ്നിയ്ക്കിരയാക്കപ്പെട്ടു. മണിപ്പൂരിലെ ജനങ്ങൾ ഏത് ഗോത്രത്തിൽപ്പെട്ടവരായാലും സമുദായത്തിൽപ്പെട്ടവരായാലും വളരെ ആശങ്കയുണ്ട്. അവിടത്തെ സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്. ഭക്ഷണമോ വെള്ളമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ആളുകൾ വീടുവിട്ട് പലായനം ചെയ്യുകയാണെന്നും വിജയേഷ് കൂട്ടിച്ചേര്‍ത്തു.

സംയമനം പാലിക്കാനും പ്രശ്‌നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി പ്രവർത്തിക്കാനും തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയാണെന്ന് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു. വിഭജനത്തെ പ്രേരിപ്പിക്കുന്നതും ധ്രുവീകരണത്തിന് കാരണമാകുന്നതുമായ ശക്തികളെ ഒഴിവാക്കാൻ മണിപ്പൂരിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. സംഘട്ടനത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പങ്കാളികളുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.


Related Articles »