News - 2024
പ്രോലൈഫ് ക്ലിനിക്ക് അക്രമിച്ചവരെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് എഫ്ബിഐ
പ്രവാചകശബ്ദം 17-05-2023 - Wednesday
അയോവ: അമേരിക്കന്‍ സംസ്ഥാനമായ അയോവയിലെ ഡെസ് മോയിൻസിൽ സ്ഥിതി ചെയ്യുന്ന അഗാപ്പേ പ്രഗ്നൻസി റിസോഴ്സ് സെന്റർ എന്ന പ്രോലൈഫ് പ്രഗ്നൻസി ക്ലിനിക്കിന്റെ ജനാലകൾ തകർക്കുകയും, പുറത്ത് ചുവന്ന നിറത്തിലുള്ള വാചകങ്ങൾ എഴുതിവെക്കുകയും ചെയ്ത ആളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 15,000 ഡോളർ സമ്മാനത്തുക അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ പ്രഖ്യാപിച്ചു. 2022 ജൂൺ മാസമാണ് പ്രോലൈഫ് ക്ലിനിക്കിനെ ലക്ഷ്യമാക്കി അക്രമണം നടക്കുന്നത്. അമേരിക്കയിൽ ഭ്രൂണഹത്യ നിയമപരമാക്കിയ റോ വെസ് വേഡ് കേസിലെ വിധി അസാധുവാക്കുന്ന തീരുമാനത്തെ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്ന കഴിഞ്ഞ മെയ് മാസത്തിലാണ് പ്രോലൈഫ് ക്ലിനിക്കുകളെയും കത്തോലിക്ക ദേവാലയങ്ങളെയും ലക്ഷ്യമാക്കിയുള്ള അക്രമണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്.
ഇതിനുശേഷം നൂറ്റിയറുപതോളം അക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും, ആറു പേർ മാത്രമാണ് അറസ്റ്റിലായത്. ജൂൺ മൂന്നാം തീയതിയും, ജൂൺ നാലാം തീയതിയും, രണ്ടുദിവസങ്ങളിലായാണ് അഗാപ്പേ പ്രഗ്നൻസി റിസോഴ്സ് സെന്റർ ലക്ഷ്യം വെക്കപ്പെട്ടത്. "ഫേക്ക് ക്ലിനിക്ക്", "സ്റ്റോപ്പ് ലൈയിങ്", "ദിസ് പ്ലേസ് ഈസ് നോട്ട് സെയ്ഫ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ചുവന്ന നിറത്തിൽ ക്ലിനിക്കിന്റെ ചുമരിൽ എഴുതി വികൃതമാക്കുകയായിരിന്നു. പ്രോലൈഫ് ക്ലിനിക്കുകൾ ലക്ഷ്യമാക്കി അക്രമണം നടത്തുന്ന 'ജെയിൻസ് റിവഞ്ച്' ഇതിന്റെ പിന്നിലും തങ്ങളാണെന്ന് അവകാശവാദം ഉന്നയിച്ചതായി കെസിആർജി എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം ആദ്യം ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന ഏതാനും പ്രോലൈഫ് ക്ലിനിക്കുകളുടെ ചുവരിൽ ഭീഷണി സ്വരത്തിൽ മുദ്രാവാക്യങ്ങൾ എഴുതിവെച്ചുവെന്ന കുറ്റം ആരോപിച്ച് ഫ്ലോറിഡ സ്വദേശികളായ കലേബ് ഫ്രീസ്റ്റോൺ, ആമ്പർ സ്മിത്ത് സ്റ്റീവാർട്ട് എന്നീ രണ്ടുപേരുടെ മേൽ ഫേസ് ആക്ട് നിയമപ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് കുറ്റം ചുമത്തിയിരുന്നു. രാജ്യത്തെ ഏതെങ്കിലും പ്രോലൈഫ് ക്ലിനിക്കുകൾ അക്രമിച്ചവരുടെ മേൽ വിജയകരമായി കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. അതേസമയം ചുരുങ്ങിയ കാലയളവിനിടെ നിരവധി കത്തോലിക്ക ദേവാലയങ്ങളാണ് ഭ്രൂണഹത്യ അനുകൂലികള്‍ ആക്രമിച്ചത്. ജീവന്റെ മഹത്വത്തെ മാനിച്ചുള്ള സഭയുടെ ഭ്രൂണഹത്യ വിരുദ്ധ നിലപാടാണ് അക്രമികളെ ചൊടിപ്പിക്കുന്നത്.