News - 2024

53ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാന്‍ പുറത്തുവിട്ടു

പ്രവാചകശബ്ദം 24-05-2023 - Wednesday

ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ക്വിറ്റോയില്‍ 2024 സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന അന്‍പത്തിമൂന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ (ഐഇസി 2024) ഔദ്യോഗിക ലോഗോ പുറത്തുവിട്ടു. ''നിങ്ങള്‍ എല്ലാവരും സഹോദരന്‍മാരാണ്'' എന്ന യേശുവിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട “ഫാറ്റേര്‍നിഡാഡ് പാരാ സനര്‍ എല്‍ മുണ്ടോ” (ലോകത്തെ സൗഖ്യപ്പെടുത്തുവാനുള്ള കൂട്ടായ്മ) എന്നതാണ് 53-മത് അന്താരാഷ്ട്ര യൂക്കരിസ്റ്റിക് കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയം. ഈ മാസം ആദ്യം ഇക്വഡോരിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്തുവെച്ചാണ് കോണ്‍ഗ്രസിന്റെ ലോഗോയും ഔദ്യോഗിക ഗാനവും സംഘാടകര്‍ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ ലോഗോയുടെ ഉള്ളടക്കവും അതിന്റെ അര്‍ത്ഥവും വത്തിക്കാന്‍ വിശദീകരിച്ചു.

ലോഗോയില്‍ കാണുന്ന അപ്പം എല്ലാ ക്രിസ്തീയ ജീവിതത്തിന്റേയും ഉച്ചകോടിയും ഉറവിടവുമായ ദിവ്യകാരുണ്യത്തേയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും, യേശു ക്രിസ്തു ജനത്തെ ഒരുമിപ്പിക്കുന്നതിനാല്‍ ദിവ്യകാരുണ്യത്തിന്റെ പ്രകാശം മനുഷ്യരാശിയുടെ ചരിത്രത്തിന് പുതിയ ദിശ നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. മനുഷ്യരാശി കുഞ്ഞാടിന്റെ മേല്‍ കടുത്ത അക്രമങ്ങള്‍ നടത്തിയിടത്താണ് ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്നും ഒഴുകിയ ജലത്താലും, രക്തത്താലുമുള്ള അടയാളങ്ങള്‍ വഴി ദൈവം തന്റെ സ്നേഹം അളവില്ലാതെ ചൊരിഞ്ഞതെന്നു ലോഗോയിലെ കുരിശ് ചൂണ്ടിക്കാട്ടി വത്തിക്കാന്‍ ഓര്‍മ്മപ്പെടുത്തി. ദിവ്യകാരുണ്യ കോണ്‍ഗ്രസിനു വേദിയാകുന്ന ക്വിറ്റോ നഗരത്തേയും ലോഗോ പ്രതിനിധാനം ചെയ്യുന്നുണ്ട്.

കുരിശില്‍ തറക്കപ്പെട്ടവന്‍ തന്നെയാണ് ഉത്ഥാനം ചെയ്തവനും. തുറന്ന കരങ്ങളാല്‍ തന്റെ പിതാവില്‍ അനുരഞ്ജനപ്പെട്ട എല്ലാ സഹോദരങ്ങളെയും അവന്‍ ആശ്ലേഷിക്കുന്നു. കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ തുറക്കപ്പെട്ട ഹൃദയം എല്ലാറ്റിനേയും നവീകരിക്കുന്ന സ്നേഹത്തിന്റെ ഉറവിടത്തേയാണ് സൂചിപ്പിക്കുന്നതെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ദൈവത്തോടുള്ള അനുസരണക്കേട്, അയല്‍ക്കാരനോടുള്ള വിദ്വേഷം, സൃഷ്ടികളുടെ ചൂഷണം എന്നീ പാപങ്ങള്‍ വഴിയാല്‍ തുറക്കപ്പെട്ട മുറിവുകളെ സുഖപ്പെടുത്തുവാന്‍ ലോകത്തിന്റെ മാംസത്തിലേക്കിറങ്ങിയതാണ് ക്രിസ്തുവിന്റെ കുരിശ്. അത് ചരിത്രത്തിന്റെ പുതിയ അച്ചുതണ്ടാണ്. ഉത്ഥിതനായവന്റെ തുറക്കപ്പെട്ട മുറിവുകള്‍ വിദ്വേഷം, ശത്രുത, അക്രമം, മരണം എന്നിവയെ സൗഖ്യപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

1881ല്‍ ഫ്രാന്‍സിലെ ലില്ലെ നഗരത്തിലാണ് ദിവ്യകാരുണ്യത്തിലെ ജീവിക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യം പ്രഘോഷിച്ചുക്കൊണ്ട് ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. 1964ല്‍ ബോംബെയില്‍വച്ചു നടന്ന 38ാമത് കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സംബന്ധിച്ചിരുന്നു. 2016ല്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു കോണ്‍ഗ്രസ്. നാലു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന കോണ്‍ഗ്രസ് 2020-ല്‍ നടക്കേണ്ടതായിരുന്നു. കോവിഡിനെ തുടര്‍ന്നു നീട്ടിവെച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2021 ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് നടന്നത്. സമാപന ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുത്തിരിന്നു.

More Archives >>

Page 1 of 846