News

റോമില്‍ ജീവന്റെ ശബ്ദമായി ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി

പ്രവാചകശബ്ദം 22-05-2023 - Monday

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി ട്രെയിന്‍ സ്റ്റേഷന്റെ സമീപമുള്ള പിസാ ഡെല്ലാ റിപ്പബ്ലിക്കായില്‍ നിന്നും ആരംഭിച്ച റാലി കാല്‍നടയായി സെന്റ്‌ മേരി മേജര്‍ ബസിലിക്ക കടന്ന്‍ ഏതാണ്ട് 1.2 മൈല്‍ പിന്നിട്ട് സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്കക്ക് സമീപമുള്ള സ്ക്വയറില്‍ അവസാനിക്കുകയായിരുന്നു. മുന്‍പ് മാര്‍ച്ച് ഫോര്‍ ലൈഫ് എന്നറിയപ്പെട്ടിരുന്ന റാലിയുടെ സംഘാടന ചുമതല പുതിയ സംഘാടകര്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ വര്‍ഷം റാലിയുടെ പേര് മാറ്റി ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ എന്നാക്കി മാറ്റുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല ഈ പ്രകടനമെന്നു സംഘാടക സമിതിയുടെ പ്രസിഡന്റായ മാസിമോ ഗണ്ടോള്‍ഫിനി ഈ മാസം ആദ്യം ‘ഇ.ഡബ്യു.ടി.എന്‍’നോട് പറഞ്ഞു. ”ജീവന്റെ സംരക്ഷണം, സ്വാഭാവിക കുടുംബത്തിന്റെ സംരക്ഷണം, മാതാപിതാക്കളുടെ സ്വാതന്ത്ര്യം" ഇതാണ് തങ്ങളുടെ രാഷ്ട്രീയമെന്നു ന്യൂറോ സര്‍ജനും, ഏഴു കുട്ടികളുടെ പിതാവുമായ ഗണ്ടോള്‍ഫിനി പറഞ്ഞു. ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് വേണ്ടി ഒരു ദേശീയ ദിനം, ബുദ്ധിമുട്ടനുഭവിക്കുന്ന ഗര്‍ഭവതികളായ സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ഫണ്ട് എന്നിവയാണ് തങ്ങളുടെ സംഘടനയുടെ ലക്ഷ്യമെന്നും, സാംസ്കാരികതലത്തില്‍ മാതൃത്വത്തിന്റെ മനോഹാരിത കൂടുതല്‍ അംഗീകരിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയില്‍ ദയാവധം, പരസഹായത്തോടെയുള്ള ആത്മഹത്യ, വാടക ഗര്‍ഭധാരണം തുടങ്ങിയവ നിയമപരമാക്കുന്നതിനെ സംഘടന ശക്തമായി എതിര്‍ക്കുമെന്നും ഗണ്ടോള്‍ഫിനി പറഞ്ഞു. "ഞങ്ങള്‍ ഇതിനെയെല്ലാം എതിര്‍ക്കുന്നു. കാരണം ഇതിനെല്ലാം ഉപരിയായി കുട്ടികളുടെ അവകാശവുമുണ്ട്" ഗണ്ടോള്‍ഫിനി പറഞ്ഞു. പ്രമുഖ പ്രഭാഷകരുടെ പ്രഭാഷണങ്ങളും, സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പുറത്തുകൂടിയുള്ള റാലിയുമായിട്ടായിരുന്നു ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലിയുടെ സമാപനം. “അമ്മയുടെ ഉദരത്തില്‍ ജീവനുണ്ട്, നമുക്കതിനെ പരിപാലിക്കാം”, “ഭ്രൂണഹത്യ അവസാനിപ്പിക്കുക”, “ഓരോ കുഞ്ഞിനും ജന്മദിനം ആഘോഷിക്കുവാനുള്ള അവകാശമുണ്ട്” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പിടിച്ചു കൊണ്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്.

More Archives >>

Page 1 of 846