News - 2024
ബെനഡിക്ട് പാപ്പയുടെ സെക്രട്ടറിയായിരിന്ന ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ഫ്രാന്‍സിസ് പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 22-05-2023 - Monday
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുമായി ഫ്രാന്‍സിസ് പാപ്പ വീണ്ടും സ്വകാര്യ കൂടിക്കാഴ്ച നടത്തി. മെയ് 19ന് നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പരിശുദ്ധ പിതാവ്, ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ച് 4-നാണ് ഇതിനു മുന്‍പുള്ള കൂടിക്കാഴ്ച നടന്നത്. ആ കൂടിക്കാഴ്ചയുടെ വിവരങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിരിന്നില്ല. ബെനഡിക്ട് പതിനാറാമന്റെ കബറടക്കം കഴിഞ്ഞ് 4 ദിവസങ്ങള്‍ക്ക് ശേഷം ജനുവരി നാലിനാണ് ഈ വര്‍ഷത്തെ ആദ്യ കൂടിക്കാഴ്ച നടന്നത്.
ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍, ഫ്രാന്‍സിസ് പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ക്ക് വിശേഷാല്‍ പ്രാധാന്യമുണ്ട്. “നിയന്റ്’അള്‍ട്രോ ചെ ലാ വെരിറ്റ ലാ മിയ വിറ്റ അല്‍ ഫാങ്കോ ഡി ബെനഡിക്റ്റോ XVI” (സത്യമല്ലാതെ ഒന്നുമല്ല; ബെനഡിക്ട് പതിനാറാമനുമായുള്ള എന്റെ ജീവിതം) എന്ന ഓര്‍മ്മക്കുറിപ്പ് എഴുതിയതിന് ശേഷം ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് അറുപത്തിയാറുകാരനായ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത.
മെത്രാപ്പോലീത്തയെ കോസ്റ്ററിക്കയിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കുവാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സ്പാനിഷ് മാധ്യമം പുറത്തുവിട്ടതിനെ തുടര്‍ന്ന്‍ ഇതിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായിരിന്നു. ഈ മാസം അവസാനത്തോടെ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുടെ നിയമനം സംബന്ധിച്ച് വ്യക്തതവരുമെന്നാണ് ഇറ്റലിയന്‍ വാര്‍ത്താപത്രമായ ‘ഇല്‍ മെസാജെറോ’യുടെ റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ മെത്രാനായി തുടരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, “അത് ഞാനല്ല തീരുമാനിക്കുന്നത്, പാപ്പയാണ്” എന്നായിരുന്നു മെത്രാപ്പോലീത്തയുടെ മറുപടി.