News

പുനരുദ്ധാരണത്തിന് ഒടുവില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തുര്‍ക്കിയില്‍ തുറന്നു

പ്രവാചകശബ്ദം 24-05-2023 - Wednesday

അന്റാലിയ, തുര്‍ക്കി: ക്രിസ്തുമസ് നാളില്‍ സമ്മാനവുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്തുമസ് അപ്പൂപ്പനായ സാന്താക്ലോസിന്റെ പിന്നിലെ പ്രചോദനമായ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. ക്രൈസ്തവരുടെ പ്രധാന ആരാധന കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രവുമായ ഈ ദേവാലയം 18 മാസങ്ങള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ക്കായി തുറന്നുക്കൊടുത്തത്.

പൗരസ്ത്യ റോമന്‍ കലയുടെ ഉത്തമ ഉദാഹരണമായ ദേവാലയത്തിന്റെ വാസ്തുവിദ്യക്കും, അലങ്കാര പണികള്‍ക്കും ക്രൈസ്തവ ലോകത്ത് വളരെയേറെ പ്രാധാന്യമുണ്ടെന്നു തുര്‍ക്കി സാംസ്കാരിക, വിനോദ മന്ത്രിയായ മെഹ്മെറ്റ് നൂരി എര്‍സോയി പറഞ്ഞു. തുര്‍ക്കിയിലെ അന്റാലിയയില്‍ ജെലെമിസ്‌ എന്നറിയപ്പെടുന്ന പടാര എന്ന പുരാതന തുറമുഖ നഗരത്തില്‍ ജനിച്ച വിശുദ്ധ നിക്കോളാസിനെ അടക്കം ചെയ്തിരിക്കുന്ന ദെമ്രെ എന്ന സ്ഥലത്ത് എ.ഡി 520-ലാണ് സെന്റ്‌ നിക്കോളാസ് ദേവാലയം നിര്‍മ്മിക്കപ്പെട്ടത്.

സംരക്ഷണ മേല്‍ക്കൂരയുടെ നിര്‍മ്മാണം, ബൈസന്റൈന്‍ കലയുടെയും വാസ്തുവിദ്യയുടെയും പ്രതിഫലനങ്ങളായ ചുവര്‍ ചിത്രങ്ങളുടെയും, മൊസൈക്ക് തറയുടെയും പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ദേവാലയത്തില്‍ പ്രധാനമായും നടന്നത്. സമുദ്രനിരപ്പില്‍ നിന്നും 3 അടി താഴെ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ ഭൂമിയിലെ ഈര്‍പ്പത്തില്‍ നിന്നും, മഴയില്‍ നിന്നും സംരക്ഷിക്കുവാനും, ദേവാലയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു.

തുര്‍ക്കിയേക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ ബൈബിളില്‍, പ്രത്യേകിച്ച് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണാം. ബൈബിളില്‍ ഏഷ്യാമൈനര്‍ എന്ന് വിളിക്കപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രം പുരാതന ക്രിസ്ത്യന്‍ സമൂഹത്തിന്റെ കേന്ദ്രം കൂടിയായിരുന്നു. ക്രൈസ്തവ ലോകത്ത് യേശു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി പണ്ഡിതര്‍ പരിഗണിച്ചു വരുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജന്മസ്ഥലം കൂടിയാണ് തുര്‍ക്കി. എന്നാല്‍ ഹാഗിയ സോഫിയ ഉള്‍പ്പെടെ നിരവധി പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മോസ്ക്കാക്കി പരിവര്‍ത്തനം ചെയ്തു തീവ്ര ഇസ്ലാമിക നിലപാട് ഉയര്‍ത്തിപിടിക്കുന്ന തയിബ് ഏര്‍ദ്ദോഗനാണ് ഇന്നു രാജ്യം ഭരിക്കുന്നത്.

More Archives >>

Page 1 of 847