News - 2024
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ തൈല കൂദാശ പരികർമ്മം ചെയ്തു
ഷൈമോന്‍ തോട്ടുങ്കല്‍ 01-06-2023 - Thursday
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിൽ, തിരുകർമ്മങ്ങളിൽ ഉപയോഗിക്കുവാൻ ഉള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ തിരുക്കർമ്മം പ്രെസ്റ്റൻ കത്തീഡ്രലിൽ നടന്നു. തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. സ്വർഗീയ സഭയുടെ സാദൃശ്യത്തിലാണ് ഭൗമിക സഭയെ സ്ഥാപിച്ചിരിക്കുന്നതെന്നു വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള സന്ദേശത്തിൽ ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നമ്മൾ ഭൂമിയിൽ ആയിരിക്കുമ്പോൾ സ്വർഗീയ സഭയുടെ അനുഭവം, സ്വർഗം ഉണ്ടെന്നുള്ള ബോധ്യവും, സ്വർഗത്തിൽ വസിക്കുന്ന ദൈവത്തെ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ കാണാനും കേൾക്കാനും അനുഭവിക്കാനും നമുക്ക് സാധിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
തിരുക്കർമ്മങ്ങളിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ വെരി . റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, വെരി. റവ. ഫാ. ജോർജ് ചേലക്കൽ, വെരി റവ. ഡോ. ബാബു പുത്തൻപുരക്കൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു. രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സന്യസ്ഥരും അല്മായ പ്രതിനിധികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.