News - 2024
മുപ്പതോളം നോബേല്‍ സമ്മാന ജേതാക്കളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് വത്തിക്കാനില്‍ യോഗം
പ്രവാചകശബ്ദം 31-05-2023 - Wednesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ‘ഫ്രത്തേലി തൂത്തി’ ചാക്രിക ലേഖനത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുക്കൊണ്ട് മുപ്പതോളം നോബേല്‍ സമ്മാന ജേതാക്കളെയും, ആയിരകണക്കിന് യുവജനങ്ങളെയും, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പങ്കെടുപ്പിച്ചുകൊണ്ട് മാനുഷിക സാഹോദര്യത്തേക്കുറിച്ചുള്ള യോഗവുമായി വത്തിക്കാന്‍. വരുന്ന ജൂണ്‍ 10ന് വൈകിട്ട് 4 മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍വെച്ച് നടക്കുന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഒരേസമയം തന്നെ റോമിന് പുറമേ ലോകമെമ്പാടുമുള്ള എട്ടോളം പ്രധാന സ്ഥലങ്ങളില്‍ ഈ യോഗം നടക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയും, ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്മെന്റിന് വേണ്ടിയുള്ള ഡിക്കാസ്റ്ററിയും, ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷനും, ‘ഫ്രത്തേലി തൂത്തി’ ചാക്രിക ലേഖനം പ്രാബല്യത്തില്‍ വരുത്തുവാനായി രൂപം കൊണ്ട ഫ്രത്തേലി തൂത്തി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. നോബേല്‍ പുരസ്കാര ജേതാക്കള്‍ക്ക് പുറമേ ശാസ്ത്രം, സംസ്കാരം, നിയമം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പ്രമുഖരും മാനുഷിക സാഹോദര്യത്തോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം യോഗത്തില്‍ വായിക്കും.