News - 2024

ക്രിസ്തുമസ് ആചരണം ഡിസംബർ 25ന് തന്നെ; നിര്‍ണ്ണായകമായ തീരുമാനവുമായി യുക്രൈന്‍ ഓർത്തഡോക്സ് സഭയും

പ്രവാചകശബ്ദം 29-05-2023 - Monday

കീവ്: കത്തോലിക്കാ സഭയുമായി മറ്റ് പാശ്ചാത്യ സഭകള്‍ ബന്ധം ഊഷ്മളമാക്കുന്നതിലേക്ക് വഴി തെളിയിക്കുന്ന തീരുമാനവുമായി യുക്രൈന്‍ ഓർത്തഡോക്സ് സഭ. ഇനിമുതൽ ക്രിസ്തുമസ് ഡിസംബർ 25നു തന്നെ കൊണ്ടാടുവാന്‍ യുക്രൈനിലെ ഓർത്തഡോക്സ് സഭ തീരുമാനമെടുത്തു. മെയ് ഇരുപത്തിനാലാം തീയതിയാണ് യുക്രൈൻ ഓർത്തഡോക്സ് മെത്രാന്മാരുടെ കൗൺസിൽ ഐക്യകണ്ഠേന തന്നെ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ തീരുമാനമെടുത്തത്. ഇത് പ്രകാരം ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരം യുക്രൈൻ ഓർത്തഡോക്സ് സഭ ആഘോഷിക്കും.

എളുപ്പമുള്ള തീരുമാനമല്ലെന്നും, ദീര്‍ഘനാള്‍ എടുത്താണ് വളരെ ശ്രദ്ധയോടെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും യുക്രൈൻ ഓർത്തഡോക്സ് സഭയുടെ തലവൻ മെട്രോപോളിറ്റൻ എപ്പിഫനി പറഞ്ഞു. റഷ്യ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാൻ സഭയിൽ നിന്ന് തന്നെ വലിയ ആവശ്യം ഉയർന്നിരുന്നു. അതേസമയം തീരുമാനം റഷ്യൻ ഓർത്തഡോക്സ് സഭയുമായുളള യുക്രൈൻ ഓർത്തഡോക്സ് സഭയുടെ ബന്ധം ഈ തീരുമാനം വഴി കൂടുതൽ മോശമാകുമെന്ന നിരീക്ഷണവുമുണ്ട്.

കാലങ്ങളായി യുക്രൈനിലെ ക്രൈസ്തവരും, റഷ്യൻ ഓർത്തഡോക്സ് സഭയും ജനുവരി ഏഴാം തീയതിയാണ് ക്രിസ്തുമസായി കൊണ്ടാടി വരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ ഈ വർഷം യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയാണ് ആദ്യമായി തീരുമാനമെടുക്കുന്നത്. ഇതിന് പിന്നാലേ ഓര്‍ത്തഡോക്സ് സഭയെടുത്ത തീരുമാനത്തിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. യുക്രൈനിലെ ക്രൈസ്തവ വിശ്വാസികളിൽ ബഹുഭൂരിപക്ഷവും ഓർത്തഡോക്സ് വിശ്വാസികളാണ്. ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെ തീരുമാനപ്രകാരമാണ് കത്തോലിക്ക സഭ 1582 മുതൽ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ ആരംഭിച്ചത്.

More Archives >>

Page 1 of 848