News - 2025

ക്രൈസ്തവ സ്ഥാപനങ്ങൾ ഊന്നൽ നല്‍കുന്നത് അച്ചടക്കത്തിനും ധാർമ്മിക മൂല്യങ്ങൾക്കും, എതിരെയുള്ള നീക്കങ്ങൾ അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷൻ

പ്രവാചകശബ്ദം 08-06-2023 - Thursday

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങൾ ഊന്നൽ നല്‍കുന്നത് അച്ചടക്കത്തിനും ധാർമ്മിക മൂല്യങ്ങൾക്കുമാണെന്നും എന്നാല്‍ സഭാ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള നീക്കങ്ങൾ അപലപനീയമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ, വിശിഷ്യാ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസരംഗത്തെ ഇടപെടലുകൾക്ക് നൂറ്റാണ്ടുകൾ നീണ്ട ചരിത്രമുണ്ട്. മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസത്തിനാണ് എക്കാലവും ക്രൈസ്തവ സ്ഥാപനങ്ങൾ ഊന്നൽ നൽകിയിട്ടുള്ളത്. അച്ചടക്കത്തിനും, ധാർമ്മിക മൂല്യങ്ങൾക്കും ഏറ്റവുമധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശൈലിയാണ് ഇതുവരെയും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുടർന്നു പോന്നിട്ടുള്ളത്. എന്നാൽ കേരളത്തിന്റെ സാംസ്കാരിക - രാഷ്ട്രീയ പരിണാമങ്ങളുടെ നാൾവഴികളിൽ പലവിധത്തിലുള്ള ശത്രുതാമനോഭാവം പ്രസ്തുത വിദ്യാഭ്യാസ ഇടപെടലുകൾക്കെതിരെ വെളിപ്പെടുകയുണ്ടായിട്ടുണ്ടെന്നും ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

അക്രമരാഷ്ട്രീയത്തിനും പലവിധ അരാജകത്വങ്ങൾക്കും എതിരെയുള്ള നിലപാടുകൾമൂലം രാഷ്ട്രീയ - വർഗീയ പ്രത്യയശാസ്ത്രങ്ങൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയിട്ടുള്ള സംഭവങ്ങൾക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമായേ ഇപ്പോൾ അമൽജ്യോതി എൻജിനീയറിംഗ് കോളേജിന് എതിരെ നടക്കുന്ന പ്രചരണങ്ങളെയും അനാവശ്യ സമരങ്ങളെയും കാണാൻ കഴിയൂ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഏകപക്ഷീയമായി കോളേജിന് എതിരെ തിരിഞ്ഞിരിക്കുന്നതും ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തിയിരിക്കുന്നതും ചില സ്ഥാപിത താത്പര്യങ്ങളോടെയാണെന്ന് വ്യക്തം.

സമാനമായ ചില മുൻകാല അനുഭവങ്ങളും ഇത്തരത്തിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്യുന്ന വിധത്തിലുള്ള മാധ്യമ ഇടപെടലുകൾ പതിവായി ഉണ്ടാകുന്നതും നിക്ഷിപ്ത താൽപ്പര്യക്കാരുടെ മാധ്യമരംഗത്തെ ദുസ്വാധീനം വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങൾ പ്രതിഷേധാത്മകമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന, ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. സ്ഥാപനത്തിന്റെ സൽപ്പേര് തകർക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളായേ അവയെ വിലയിരുത്താനാവൂ.

വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ അവരെ സ്വാധീനിക്കുകയും ചെയ്യുന്ന സംഘടനാ പ്രവർത്തനങ്ങൾക്ക് എതിരായി സ്വീകരിച്ചിട്ടുള്ള മുൻകാല നിലപാടുകളാവാം ചില തൽപ്പര കക്ഷികളെ ഇത്തരം നീക്കങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. വാസ്തവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥി സമൂഹത്തിനും പൊതുസമൂഹത്തിനും ഹിതകരമായ നിലപാടുകൾ സ്വീകരിക്കാനും ഇത്തരം ദോഷകരമായ പ്രവർത്തനങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും ഭരണകൂടം തയ്യാറാകണം.

മെച്ചപ്പെട്ട നിലവാരവും അച്ചടക്കവും കാത്തുസൂക്ഷിക്കുന്നതിനാലാണ് കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ ഔത്സുക്യം പ്രകടിപ്പിക്കുന്നത് എന്നതാണ് വാസ്തവം. മക്കളുടെ പഠനകാലഘട്ടം സുരക്ഷിതമായും വിജയകരമായും പൂർത്തീകരിച്ചുകാണാനാണ് ഏത് മാതാപിതാക്കളും ആഗ്രഹിക്കുന്നത് എന്നതാണ് അതിന് കാരണം. എന്നാൽ, പഠനകാലയളവിൽ തെറ്റായ ആശയങ്ങൾ കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയിൽ പ്രചരിപ്പിക്കുന്ന ചില തൽപ്പരകക്ഷികൾ സ്വാതന്ത്ര്യം, അവകാശങ്ങൾ തുടങ്ങിയവ സംബന്ധിച്ച മിഥ്യാബോധങ്ങളും അവരിൽ സൃഷ്ടിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. അതോടൊപ്പം, വർഗീയവും രാഷ്ട്രീയവുമായ സ്ഥാപിതതാൽപ്പര്യങ്ങളുടെ വക്താക്കളായി ഒരു വിഭാഗത്തെ മാറ്റിയെടുക്കാനും അവർക്ക് കഴിയുന്നുണ്ട്. ആത്മഹത്യയെപ്പോലും അക്രമ രാഷ്ട്രീയത്തിനും തീവ്രവാദത്തിനുമുള്ള അവസരങ്ങളാക്കി മാറ്റുന്ന പ്രവണത കേരളത്തിൽ ആപത്കരമാംവിധം ശക്തിപ്പെട്ടു വരുന്നു എന്നുള്ള വാസ്തവം വളരെ ഗൗരവമായി കാണേണ്ടതുണ്ട്.

ആത്മഹത്യാ പ്രവണതകൾ പോലുള്ള മാനസിക ദൗർബ്ബല്യങ്ങൾ പല കാരണങ്ങളാലും വ്യക്തികളിൽ രൂപപ്പെടാവുന്നതാണ്. അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുള്ള ചുമതല സർക്കാരിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു പോലെയുണ്ട്. പ്രത്യക്ഷത്തിൽ കാണപ്പെടുന്നതോ ആരോപിക്കപ്പെടുന്നതോ ആയ കാരണങ്ങൾക്കപ്പുറം മറഞ്ഞുനിൽക്കുന്ന യഥാർത്ഥ കാരണങ്ങളുണ്ടാകാം. ശരിയായ അന്വേഷണങ്ങൾ നടത്തി അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. അതേസ്ഥാനത്ത് വൈകാരിക പ്രതികരണങ്ങൾക്ക് പിന്തുണയും പ്രചോദനവും നൽകി പോലീസിന്റെ അന്വേഷണത്തെയും പൊതുസമൂഹത്തിന്റെ ധാരണകളെയും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും.

ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് വളരെ സുതാര്യമായ നിലപാടുകളാണ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും സ്വീകരിച്ചുവരുന്നത്. പോലീസ് അന്വേഷവും തുടർനടപടികളുമായി ബന്ധപ്പെട്ട് പൂർണമായ സഹകരണം അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ നടന്ന ആത്മഹത്യയെ തുടർന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. വിശദവും സമഗ്രവുമായ അന്വേഷണം ഉറപ്പു വരുത്തണമെന്ന് പോലീസ് അധികാരികളോട് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അത്തരം നിലപാടുകളെ മുഖവിലയ്ക്ക് എടുക്കാതെയുള്ള നീക്കങ്ങളാണ് ചില സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ നിയമസംവിധാനങ്ങൾക്കുപോലും വഴങ്ങാത്ത തൽപ്പരകക്ഷികളുടെ നീക്കങ്ങൾ പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്.

കത്തോലിക്കാ സഭയുടെയും മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകമായി ടാർജറ്റ് ചെയ്ത് ഇത്തരം സംഭവങ്ങളെ വലിയ വിവാദങ്ങളാക്കിമാറ്റി വിളവെടുക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. വീണുകിട്ടുന്ന അവസരരങ്ങൾ മുതലെടുത്ത് മികച്ചരീതിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങളെയും സൽപ്പേര് നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുകതന്നെ ചെയ്യും. കേരളത്തിലെ മതേതര സമൂഹവും ഭരണകൂടവും ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുകയും യുക്തമായ രീതിയിൽ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു.


Related Articles »