News - 2024

കലാപം രൂക്ഷമായ മണിപ്പൂരില്‍ സമാധാന ദൗത്യം തുടര്‍ന്ന് മലയാളി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം

പ്രവാചകശബ്ദം 17-06-2023 - Saturday

ഗുവാഹത്തി: കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് സമാധാന ദൗത്യവുമായി വടക്ക് - കിഴക്കന്‍ അപ്പസ്തോലേറ്റ്. ഗുവാഹട്ടി നോർത്ത് ഈസ്റ്റ് ഇന്ത്യ ബിഷപ്‌സ് കോൺഫറൻസിന്റെ മുന്‍ പ്രസിഡന്‍റും മെത്രാപ്പോലീത്തയുമായ തോമസ്‌ മേനംപറമ്പില്‍ ഇതിനോടകം രണ്ടു പ്രാവശ്യം മണിപ്പൂര്‍ സന്ദര്‍ശിച്ചു സമാധാന ഇടപെടലുകള്‍ നടത്തിവരികയാണ്. ചുരാചന്ദ്പൂരിലും, കാങ്ങ്പോക്പിയിലും ഉള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുമായി സംസാരിക്കാന്‍ കഴിഞ്ഞതായി ആര്‍ച്ച് ബിഷപ്പ് തോമസ്‌ മേനംപറമ്പില്‍ പറഞ്ഞു. സമാധാന ദൗത്യത്തിന്‍റെ ഭാഗമായി അദ്ദേഹം മെയ്തി ഭൂരിപക്ഷ മേഖലകളില്‍ അവരുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

സമൂഹത്തിലെ ഉന്നതരും, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്നും സലേഷ്യന്‍ സമൂഹാംഗവും എണ്‍പത്തിയേഴുകാരനുമായ ഫാ. മേനംപറമ്പില്‍ ജൂണ്‍ 15-ന് മാറ്റേഴ്സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരു വിഭാഗങ്ങളിലെയും ഉന്നത മത നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യം സങ്കീര്‍ണ്ണമാണ്. ആയുധധാരികളായ യുവാക്കളാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. മുതിര്‍ന്നവര്‍ക്ക് അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പോലും കഴിയുന്നില്ല. കണക്ക് കൂട്ടുന്നതിലും അപ്പുറമാണ് നഷ്ടങ്ങള്‍. ലളിതമായ പരിഹാരം സാധ്യമല്ല. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകളെ കുറിച്ചും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗപദവി നല്‍കുന്ന ഹൈകോടതിയുടെ സമീപകാല ഉത്തരവിനെത്തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മെയ് 3-നാണ് മണിപ്പൂരില്‍ മെയ്തികളും, കുക്കികളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. സംസ്ഥാനത്ത് അരങ്ങേറിയ കലാപത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. നൂറുകണക്കിന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. 142 ഗ്രാമങ്ങളും, നാനൂറിലധികം ദേവാലയങ്ങളും, എണ്‍പത്തിമൂന്നോളം സഭാസ്ഥാപനങ്ങളും ചുട്ടെരിക്കപ്പെട്ടു. നിലവില്‍ വിവിധ സമുദായങ്ങളില്‍പ്പെടുന്ന 40,000-ത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.


Related Articles »