News

ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍; നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍

പ്രവാചകശബ്ദം 22-06-2023 - Thursday

വത്തിക്കാന്‍ സിറ്റി/ ലിസ്ബണ്‍: നൂറ്റിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടിയില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍. ഇന്നു ജൂൺ 22-ന് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച ഡിക്രിയില്‍, സിസ്റ്റര്‍ ലൂസിയായുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് ധന്യ പദവിയിലേക്ക് ഉയര്‍ത്തി. 2017-ല്‍ ആംഭിച്ച നാമകരണ നടപടിയുടെ ഭാഗമായി സാക്ഷ്യങ്ങളും, വിവിധ രേഖകളുമടങ്ങുന്ന 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ പോര്‍ച്ചുഗലിലെ കത്തോലിക്ക സഭ ശേഖരിച്ച് പഠനവിധേയമാക്കിയിരിന്നു. ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച ജെസ്സീന്തയെയും ഫ്രാൻസിസ്കോ മാർട്ടോയെയും 2017-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരിന്നു.

1917-ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസ്സുണ്ടായിരിന്ന സിസ്റ്റര്‍ ലൂസിയ, 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയാക്കൊപ്പം മാതാവിന്റെ പ്രത്യക്ഷീകരണത്തിനു സാക്ഷ്യം വഹിച്ച ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. സിസ്റ്റര്‍ ലൂസിയ എഴുതിയ 11,000-ത്തോളം കത്തുകളില്‍ നിന്നും അറുപത്തിയൊന്നോളം സാക്ഷ്യങ്ങളില്‍ നിന്നുമായിട്ടാണ് നാമകരണത്തെ സംബന്ധിച്ച തെളിവുകള്‍ സമാഹരിച്ചിട്ടുള്ളതെന്ന് ലൂസിയാ അവസാനകാലത്ത് താമസിച്ച കോണ്‍വെന്‍റ് ഉള്‍പ്പെടുന്ന കൊയിംബ്രായിലെ കത്തോലിക്ക മെത്രാനായ വിര്‍ജിലിയോ അന്‍ന്റൂണ്‍സ് പറഞ്ഞിരിന്നു.

തിരുസഭ അംഗീകരിച്ചിട്ടുള്ള മാതാവിന്റെ പ്രത്യക്ഷീകരണങ്ങളില്‍ ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങളും ഉള്‍പ്പെടുന്നു. 1917 ഒക്ടോബര്‍ 13-നാണ് ദൈവമാതാവ് ഫാത്തിമായില്‍ അവസാനമായി ലൂസിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയത്. അന്ന് സൂര്യന്‍ അഗ്നിവൃത്തം കണക്കെ നൃത്തം ചെയ്തുവെന്നാണ് ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഓഗസ്റ്റിൽ പോർച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ഷിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Tag: Pope Francis advances the sainthood cause of Fatima’s Sister Lucia, Venerable Sister Lucia dos Santos, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »