India - 2024
എറണാകുളം സെന്റ് മേരീസ് ബസിലിക്ക ജൂലൈ രണ്ടിനു മുന്‍പായി തുറക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
24-06-2023 - Saturday
കൊച്ചി: സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സിനഡുമായുണ്ടാക്കിയ ധാരണപ്രകാരം ജൂലൈ രണ്ടിനു മുമ്പായി തുറക്കണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബസിലിക്ക വികാരി റവ. ഡോ. ആന്റണി നരികുളം, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർക്കായി നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. സിനഡ് പ്രതിനിധികളുമായുണ്ടാക്കിയ ധാരണ പ്രകാരം ബസിലിക്ക തുറക്കുന്നതിന് അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ താക്കോൽ കൈമാറും.
സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മാത്രമേ ഇവിടെ നടപ്പാക്കാവൂ. ഇത് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്ററും വികാരിയും ശ്രദ്ധിക്കണം. ഏകീകൃത കുർബാന സാധ്യമല്ലെങ്കിൽ ബസിലിക്കയിൽ കുർബാനയർപ്പണം നടത്തരുത്. കുർബാന അർപ്പണരീതിയുമായി ബന്ധപ്പെട്ട് പാരിഷ് കൗൺസിലിന് തീരുമാനമെടു ക്കാനുള്ള അധികാരമില്ല. നേരത്തെ ഇതുസംബന്ധിച്ച് കൗൺസിലെടുത്ത തീരുമാനം നിയമവിരുദ്ധവും അസാധുവുമാണ്. സിനഡ് തീരുമാനം നിഷേധിക്കാൻ പാരിഷ് കൗൺസിൽ തീരുമാനിച്ച സാഹചര്യത്തിൽ, ഈ നിലപാടിൽനിന്നു വ്യതിചലിക്കാത്ത അംഗങ്ങൾക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും.
കൗൺസിൽ അംഗങ്ങളുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് വികാരി അവരെ ബോധ്യപ്പെടുത്തണം. പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിലുള്ള സഭാ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ, പാരിഷ് കൗൺസിൽ മരവിപ്പിക്കുകയോ പിരിച്ചുവിടുകയോ ചെയ്യുമെന്നു അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.