India - 2025
സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ തിരുത്തുവരുത്തണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാതി നല്‍കി
പ്രവാചക ശബ്ദം 09-10-2020 - Friday
തൃശൂര്‍: പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ തിരുത്തുവരുത്തണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാതി നല്‍കി. അഡ്മിഷന്‍ പ്രോസ്‌പെക്ടസിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ ജനുവരി മൂന്നിലെ കേരള സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു പകരംപഴയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ് പരാതി. 2019 മാര്‍ച്ച് 13നു പുറത്തിറക്കിയ മാനദണ്ഡമാണ് നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2019ല്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിക്കൊണ്ടു പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാന്‍വേണ്ടിയാണു പാലിക്കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള മാനദണ്ഡങ്ങള്‍ പൊതുഭരണവകുപ്പ് ജനുവരി മൂന്ന്, ഫെബ്രുവരി 12, മാര്‍ച്ച് മൂന്ന് തീയതികളില്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങളാണ് കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഡ്മിഷനുകളില്‍ പാലാക്കേണ്ടതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ നടപടി അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ക്കും സംവരണം നിഷേധിക്കുന്നതിനുള്ള ഗൂഢനീക്കമാണോയെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. പോളിടെക്‌നിക്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 19 ആണ്. അതിനാല്‍ പ്രോസ്‌പെക്ടസില്‍ അടിയന്തരമായി ഭേദഗതി വരുത്തുന്നതിനു വേണ്ട നടപടികള്‍ എടുക്കണമെന്നും മാര്‍ താഴത്ത് ആവശ്യപ്പെട്ടു.
