News - 2024

മണിപ്പൂരിൽ സമാധാനം: മദർ തെരേസയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയുമായി വിവിധ ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികള്‍

പ്രവാചകശബ്ദം 01-07-2023 - Saturday

കൊൽക്കത്ത: കഴിഞ്ഞ രണ്ട് മാസമായി വംശീയ കലാപം രൂക്ഷമായ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ കബറിടത്തിങ്കല്‍ വിവിധ ക്രൈസ്തവ പ്രതിനിധികള്‍ ഒത്തുകൂടി. സി‌സി‌ബി‌ഐക്കു കീഴിലുള്ള എക്യുമെനിസം കമ്മീഷൻ, മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയുടെ ആസ്ഥാനത്ത് വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തു ജൂൺ 27-നാണ് പ്രാര്‍ത്ഥന നടത്തിയത്. ദൈവകൃപയും സമാധാനവും അഭ്യർത്ഥിച്ചായിരിന്നു പ്രാര്‍ത്ഥന.

മണിപ്പൂരിലെ അക്രമത്തിൽ 120-ലധികം പേർ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേര്‍ ചിതറിക്കപ്പെടുകയും ചെയ്തതായി ബംഗാൾ റീജിയൻ ഡയലോഗ് ആൻഡ് എക്യുമെനിസം കമ്മീഷൻ സെക്രട്ടറിയും സംഘാടകനുമായ ഫാ. ഫ്രാൻസിസ് സുനിൽ റൊസാരിയോ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും മണിപ്പൂരിലും നടക്കുന്നത് വക്രബുദ്ധിയോടെ ആസൂത്രണം ചെയ്‌ത ദുഷ്‌കരമായ രാഷ്ട്രീയ നാടകത്തിന്റെ പരീക്ഷണം മാത്രമാണെന്നു സിസിബിഐ കമ്മീഷന്റെ ദേശീയ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ബാപ്റ്റിസ്റ്റ് പൈസ് പറഞ്ഞു.

വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ നേതാക്കളും സമാധാനത്തിനായി പ്രാർത്ഥിച്ചു. കലിംഗ ബാപ്റ്റിസ്റ്റ് ചർച്ചിലെ അസിസ് സർക്കാർ, അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ പാട്രിക് ജോസഫ്, ന്യൂ ലൈഫ് മിനിസ്ട്രികളിൽ നിന്നുള്ള റെവറന്റ് രതിൻ ചാറ്റർജി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. മണിപ്പൂരിൽ നിലംപൊത്തിയ ഇരുനൂറിലധികം പള്ളികൾ ഒരുനാൾ പുനർനിർമിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തുവിനെ പ്രതിരോധിക്കാൻ ചൊരിയപ്പെട്ട വിലയേറിയ രക്തം ഒരിക്കലും പാഴാകില്ലായെന്നും ക്രിസ്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞു.


Related Articles »