News - 2025

ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ വിശ്വാസ കാര്യാലയത്തിന്റെ പുതിയ അധ്യക്ഷന്‍

പ്രവാചകശബ്ദം 02-07-2023 - Sunday

വത്തിക്കാൻ സിറ്റി: വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി അർജന്റീനിയൻ ആർച്ച് ബിഷപ്പ് ഡോ. വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അറുപത്തിയൊന്നുകാരനായ പുതിയ പ്രീഫെക്ട് ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ്. പുതിയ ഉത്തരവാദിത്വത്തിനൊപ്പം പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷന്റെയും ഇന്റർനാഷണൽ തിയോളജി കമ്മീഷന്റെയും പ്രസിഡന്റായും അദ്ദേഹം പ്രവർത്തിക്കും. 2017 മുതൽ വിശ്വാസ കാര്യാലയം അധ്യക്ഷനായിരുന്ന കർദ്ദിനാൾ ലൂയിസ് ലഡാരിയ ഫെറർ (79) വിരമിച്ചതിനെത്തുടർന്നാണു പുതിയ നിയമനം.

2018 മുതൽ അർജന്റീനയിലെ ലാ പ്ലാറ്റ് അതിരൂപത ആർച്ച് ബിഷപ്പാണ്. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഡോ. ഫെർണാണ്ടസ് ദൈവശാസ്ത്രാധ്യാപകൻ, അർജന്റീനിയൻ ദൈവശാസ്ത്ര സമിതിയുടെ പ്രസിഡന്റ്, മെത്രാൻ സമിതിയുടെ വിശ്വാസ-സംസ്കാര കമ്മീഷൻ പ്രസിഡന്റ്, പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അർജന്റീനയുടെ റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ വിലമതിക്കുന്ന ഒരു ദൗത്യം ഭരമേൽപ്പിക്കുകയാണെന്നും വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഡിക്കാസ്റ്ററിയുടെ പ്രധാന ലക്ഷ്യത്തിനായി വ്യക്തിപരമായ പ്രതിബദ്ധത കൂടുതൽ സമർപ്പിക്കാൻ തയാറാകണമെന്നും നിയമന വിവരമറിയിച്ച് ആർച്ച് ബിഷപ്പ് ഡോ. ഫെർണാണ്ടസിന് എഴുതിയ കത്തിൽ ഫ്രാൻസിസ് മാർപാപ്പ കുറിച്ചു.


Related Articles »