News
നാടിനെ വിശ്വാസികളുടെ അഭയകേന്ദ്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം: വിശ്വാസ സംരക്ഷണ നിയമവുമായി ജോര്‍ജ്ജിയന്‍ ഗവര്‍ണര്‍
പ്രവാചക ശബ്ദം 01-03-2021 - Monday
ജോര്‍ജ്ജിയ: അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജ്ജിയയിലെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ‘വിശ്വാസ സംരക്ഷണ നിയമം’ പ്രാബല്യത്തില്‍ വരുത്തുവാനുള്ള തയ്യാറെടുപ്പു തുടരുകയാണെന്നും നാടിനെ വിശ്വാസികളുടെ അഭയകേന്ദ്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും ജോര്‍ജ്ജിയന്‍ ഗവര്‍ണര്‍ ബ്രയാന്‍ കെംപ്. ‘സി.ബി.എന്‍ ന്യൂസ്’ന്റെ ചീഫ് പൊളിറ്റിക്കല്‍ അനലിസ്റ്റായ ‘ഡേവിഡ് ബ്രോഡി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണ്ണര്‍ ഇക്കാര്യം പറഞ്ഞത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാന - പ്രാദേശിക അധികാരികൾ പുറപ്പെടുവിച്ച ലോക്ക്ഡൌണ്‍ ഉത്തരവുകൾക്കുള്ള പ്രതികരണമായിട്ടാണ് നിര്‍ദ്ദിഷ്ട നിയമനിർമ്മാണത്തെ കെംപ് ഉയര്‍ത്തിക്കാട്ടുന്നത്. ജോര്‍ജ്ജിയന്‍ ജനതയുടേയും ദേവാലയങ്ങളുടേയും, സഭാ നേതാക്കളുടേയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും, അതിനുവേണ്ട എക്സിക്യൂട്ടീവ് അധികാരം ഈ പ്രതിസന്ധിക്കിടയില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, അത് താന്‍ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ നിഷേധിച്ച ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടു. മതസ്വാതന്ത്ര്യ നിഷേധത്തെ മറികടക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞ ഗവര്‍ണ്ണര്‍ തങ്ങള്‍ ഒരിക്കലും ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയില്ലെന്നും, പകരം ഓണ്‍ലൈന്‍ കുര്‍ബാന, സാനിട്ടൈസര്‍, ദേവാലയങ്ങളിലെ വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തല്‍, സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള മുന്‍കരുതലുകള്‍ പാലിച്ച് ജനങ്ങളോട് സഹകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും വ്യക്തമാക്കി. അക്കാര്യത്തില്‍ വിശ്വാസികളും സഭാ നേതാക്കളും തങ്ങളോട് സഹകരിച്ചു. ആരാധനാലയങ്ങള്‍ അടച്ചുപൂട്ടേണ്ട ഒരവസ്ഥ ഭാവിയില്‍ ഉണ്ടാകില്ലെന്ന്‍ പറഞ്ഞ കെംപ്, അതിനുവേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനപരമായി നിയമത്തിന്റെ ലക്ഷ്യമെന്താണെന്നും, ഇത് സര്‍ക്കാരിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുമോ എന്ന ചോദ്യത്തിന്, ഭാവിയില്‍ ഇതുപോലൊരു പകര്‍ച്ചവ്യാധി ഉണ്ടാകുകയാണെങ്കില്‍ ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്ന ചില നിര്‍ദ്ദേശങ്ങളും, വ്യവസ്ഥകളുമാണ് വിശ്വാസ സംരക്ഷണ നിയമത്തിന്റെ കാതല്‍ എന്നായിരുന്നു ഗവര്‍ണ്ണറുടെ മറുപടി. ആളുകള്‍ക്ക് മാസങ്ങളോളം വീട്ടിലെ സ്വീകരണ മുറികളിലും നിലവറകളിലും കഴിയുവാന്‍ സാധിക്കില്ലെന്നും അത് ആരോഗ്യത്തിനു നല്ലതല്ലെന്നും, ദേവാലയങ്ങളില്‍ പോകുന്നതും, വിര്‍ച്വലാണെങ്കില്‍ പോലും കൂട്ടായ്മകളിലും, വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുന്നത് മാനസികവും ശാരീരീരികവുമായ ഉണര്‍വ് പകരുമെന്ന് പറഞ്ഞുകൊണ്ടാണ് കെംപ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗമാണ് ബ്രയാന്‍ കെംപ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
