India - 2025
വിശ്വാസികളുടെ നിശബ്ദത ഭീരുത്വമല്ല: വിശ്വാസ സംരക്ഷണ വേദി
സ്വന്തം ലേഖകന്‍ 14-09-2019 - Saturday
കല്‍പ്പറ്റ: വിശ്വാസ ജീവിതത്തിനും സന്യസ്ത പൗരോഹിത്യ ജീവിതത്തിനും എതിരായി സമീപകാലത്തായി നടന്നു കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കുന്നതിനായി വിശ്വാസ സംരക്ഷണ വേദി എന്ന പേരില്‍ അത്മായ സംഘടന രൂപീകരിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിശ്വാസരീതികള്‍ ഇടവക പള്ളിയിലെ അള്‍ത്താരയോടും യേശു ക്രിസ്തുവിന്റെ ബലിപീഠത്തോടും ചേര്‍ന്ന് പോകുന്നതാണ്. വിശ്വാസത്തെ നിലനിര്‍ത്തുന്ന ഇടവക ദൈവാലയങ്ങളെ വിശ്വാസികളില്‍ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില നിരീശ്വരവാദ സംഘടനകള്‍ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളേയും ഉപയോഗപ്പെടുത്തുന്നു എന്നത് വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സന്യാസജീവിതവും പൗരോഹിത്യവും ജീവിതാന്തസായി തെരഞ്ഞെടുത്ത പലരും ഓട്ടം പൂര്‍ത്തിയാക്കാനാവാതെ വഴിയില്‍ വീണുപോയിട്ടുണ്ട്. അതൊന്നും സഭയുടെ ദര്‍ശനങ്ങളുടെയൊ പ്രവര്‍ത്തന രീതികളുടെയൊ കുഴപ്പമല്ല. മറിച്ച് സന്യാസജീവിതത്തോട് നീതി പുലര്‍ത്താനും നിയമങ്ങളെ അനുസരിക്കാനും കഴിയാതെ വരുന്നവരുടെ പരാജയമാണ്. ഇങ്ങനെ പരാജയപ്പെട്ട് പുറത്താക്കപ്പെട്ട ഒരു സന്യാസിനിയെ മുന്നില്‍ നിര്‍ത്തി നിക്ഷിപ്ത താല്‍പ്പര്യമുള്ള ആളുകള്‍ സഭാത്മകതയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ വിശ്വാസ സമൂഹം ശക്തമായി എതിര്‍ക്കും. സഭയില്‍ സന്യാസജീവിതം പൂര്‍ത്തീകരിക്കാനാവാതെ പല കാരണങ്ങളാല്‍ പല കാലഘട്ടത്തിലും സഭ വിട്ട് പോയവരാരും ചെയ്യാത്ത വിധത്തില്‍ വിശ്വാസികളെ അക്രമിക്കുന്ന സഭാ ശത്രുക്കളെ കൂട്ട് പിടിച്ച് ഇപ്പോള്‍ പുറത്താക്കപ്പെട്ട സന്യാസിനി നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തിലെ വിശ്വാസ ക്രമത്തേയും കുടുംബങ്ങളില്‍ നടക്കേണ്ട വിശ്വാസ പരിശീലനത്തേയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച് വരുകയാണ്. അവരുടെ കൈകളിലെ കളിപ്പാവയായി ചരട് പൊട്ടിയ പട്ടം പോലെ പ്രവര്‍ത്തിക്കുന്നവരുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുന്നതിന് വിശ്വാസികള്‍ക്ക് സാധിക്കും. എന്നാല്‍ വിശ്വാസികളുടെ നിശബ്ദത ഭീരുത്വമല്ലെന്ന് ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളും മനസിലാക്കണം. ആവശ്യമായ സമയത്ത് അവര്‍ പ്രതികരിക്കും.
ഈ കാര്യങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനായി കല്‍പ്പറ്റ, പുല്‍പ്പള്ളി, മാനന്തവാടി, ബത്തേരി, പനമരം എന്നീ മേഘലകളില്‍ ജനകീയ കണ്‍വന്‍ഷനുകൾ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം 29-ന് കല്‍പ്പറ്റയില്‍ നടക്കും. സന്യാസസമൂഹവും സഭയും പൊതു സമൂഹത്തിന് ചെയ്തിട്ടുള്ള നന്‍മകളെ അവതരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വിശ്വാസ സംരക്ഷണ വേദി രൂപീകരണ യോഗം മാനന്തവാടി രൂപത പാസ്ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സിസിഎഫ് ചെയര്‍മാന്‍ സാലു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
വിവിധ അത്മായ സംഘടനകളെ പ്രതിനിധീകരിച്ച് എബിന്‍ മുട്ടപ്പള്ളില്‍, കെ.കെ. ജേക്കബ്, ഷാജന്‍ മണിമല, അഞ്ജു പി. സണ്ണി, ഗ്രേസി ചിറ്റിനാപ്പള്ളില്‍, ബിജി, കെ.കെ. ജേക്കബ്, ലോറന്‍സ് കല്ലോടി, ജോസ് പള്ളത്ത്, വി.ഒ. പ്രിന്‍സ്, ജോസ് താഴത്തേല്‍, എം.സി. സെബാസ്റ്റിയന്‍, ജോസ് പുന്നക്കുഴി എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ സംരക്ഷണ വേദി ചെയര്‍മാനായി എം.സി. സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ സാലു ഏബ്രഹാം, കണ്‍വീനര്‍മാരായി കെ.കെ. ജേക്കബ്, ഗ്രേസി ചിറ്റിനാപ്പള്ളില്‍, ജോസ് പുന്നക്കുഴി എന്നിവരേയും തെരഞ്ഞെടുത്തു. യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി 17 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു.