News

പീറ്റേഴ്സ് പെൻസ്: അപ്പസ്‌തോലിക സഹായ നിധിയിലേക്ക് ലഭിച്ചത് 107 മില്യൺ യൂറോ

പ്രവാചകശബ്ദം 03-07-2023 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്‌തോലിക ദൗത്യങ്ങൾക്ക് കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തിന്റെ വിവരങ്ങൾ പുറത്ത്. ആനുവൽ ഡിസ്ക്ലോസർ റിപ്പോർട്ട് പ്രകാരം 'പീറ്റേഴ്സ് പെൻസ്' എന്നറിയപ്പെടുന്ന സഹായ നിധിയിലേക്ക് കഴിഞ്ഞവർഷം ലഭിച്ചത് 107 മില്യൺ യൂറോയാണ്. ഇതിൽ 95.5 മില്യൺ യൂറോയാണ് ചെലവഴിച്ചത്. വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിവസം ലഭിച്ച തുകയും, വർഷം മുഴുവനും ലഭിച്ച സാമ്പത്തിക സഹായങ്ങളും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ രൂപതകളിൽ നിന്ന് 27.4 മില്യൺ യൂറോയാണ് ലഭിച്ചത്. ഇത് ആകെ ലഭിച്ച തുകയുടെ 63 ശതമാനം വരും.

വിവിധ ഫൗണ്ടേഷനുകൾ നൽകിയത് 12.6 മില്യൺ യൂറോയാണ്. ഏറ്റവും കൂടുതൽ തുക നൽകിയ രാജ്യം അമേരിക്കയാണ്. 11 മില്യൺ യൂറോയാണ് അമേരിക്കയിലെ വിശ്വാസി സമൂഹം നൽകിയത്. പിന്നാലെ വരുന്നത് കൊറിയയും, ഇറ്റലിയുമാണ്. റോമൻ കൂരിയായുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയും, മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുമാണ് പീറ്റേഴ്സ് പെൻസിൽ ലഭിച്ച തുക വിനിയോഗിക്കപ്പെട്ടത്. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ദൗത്യങ്ങളുടെ നിർവഹണത്തിന് 77.6 മില്യൺ യൂറോയാണ് ഉപയോഗിച്ചത്. അഭയാർത്ഥികൾക്കും, സന്യാസ സമൂഹങ്ങൾക്കും, പ്രകൃതി ദുരന്തങ്ങളുടെയും, യുദ്ധങ്ങളുടെയും ഇരകൾക്കുമടക്കം 16.2 മില്യൺ യൂറോ വിനിയോഗിച്ചു.

ഇതുകൂടാതെ വിവിധ ഡിക്കാസ്റ്ററികളിലൂടെ 36 മില്യൺ യൂറോ സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി മാറ്റിവെക്കപ്പെട്ടു. പീറ്റേഴ്സ് പെൻസിന്റെ ഭാഗമായി 72 രാജ്യങ്ങളിലെ പദ്ധതികൾക്കാണ് സാമ്പത്തിക സഹായം ഉപയോഗിച്ചത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് വേണ്ടി ഇതിൽ 34 ശതമാനം തുകയും വിനിയോഗിച്ചു. പ്രാദേശിക സഭകൾക്ക് സുവിശേഷവത്കരണത്തിന് തുടക്കം കുറിക്കാനും, ഇപ്പോൾ സുവിശേഷവത്കരണം നടത്തുന്ന പ്രാദേശിക സഭകൾക്ക് അത് കൂടുതൽ ഊഷ്മളമായി നടത്താനും തുക വകയിരുത്തപ്പെട്ടു. യുക്രൈനിൽ യുദ്ധത്തിന്റെ കെടുതി നേരിടുന്ന ജനങ്ങൾക്ക് വലിയൊരു ശതമാനം തുക പീറ്റേഴ്സ് പെൻസിൽ നിന്നും മാറ്റിവെച്ചിരിന്നു.

Tag: Peter's Pence 2022: Generous support for Universal Church and Pope’s mission, Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »