News - 2025

ഇസ്ലാമിക തീവ്രവാദികളുടെ അതിക്രമങ്ങള്‍ക്ക് വിധേയനായ വൈദികന്‍ ആലപ്പോയുടെ അപ്പസ്തോലിക് വികാര്‍

പ്രവാചകശബ്ദം 04-07-2023 - Tuesday

ആലപ്പോ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയുടെ അപ്പസ്‌തോലിക് വികാരിയായി ഫാ. ഹന്ന ജലൂഫിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണികള്‍ക്ക് നടുവിലും ക്രിസ്തു ഭരമേല്‍പ്പിച്ച ദൗത്യം സിറിയയില്‍ ധൈര്യപൂര്‍വ്വം തുടര്‍ന്ന വ്യക്തിയാണ് അദ്ദേഹം. 2014-ൽ ഐ‌എസ് തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരിന്നു. നിലവിൽ സിറിയയിലെ ക്നായിലെ ഇടവക വികാരിയാണ് അദ്ദേഹം.

പ്രായപരിധിയെ തുടര്‍ന്നു അപ്പോസ്തോലിക് വികാരിയേറ്റിന്റെ അജപാലന ചുമതലയില്‍ നിന്ന് കഴിഞ്ഞ വർഷം രാജിവച്ച ജോർജ്ജ് അബൗ ഖാസന്റെ പിൻഗാമിയായാണ് അദ്ദേഹത്തിന് ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയില്‍ വർഷങ്ങളോളം സേവനം ചെയ്ത വ്യക്തിയാണ് ഫാ. ഹന്ന. യുദ്ധസമയത്ത് ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം പുലർത്തിയിരുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്ക് കൂദാശകളും ദൈവവചനവും പങ്കുവെച്ച് ദുരിത നാളുകളില്‍ അനേകര്‍ക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്ന വൈദികരില്‍ ഒരാളാണ് ഫാ. ഹന്ന.

2014 ഒക്ടോബറിൽ, ആഭ്യന്തരയുദ്ധത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി ഏതാനും ദിവസം തടവിലാക്കിയിരിന്നു. പിന്നീട് മോചിതനായി. കഴിഞ്ഞ ഡിസംബർ 17ന് വത്തിക്കാനിൽ ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പയിൽ നിന്ന് നേരിട്ട് ബഹുമതി ലഭിച്ച മൂന്ന് വ്യക്തികളിൽ ഒരാളാണ് ഈ വൈദികന്‍.

Tag: Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »