India
ജയ്പൂർ രൂപതയുടെ ദ്വിതീയ മെത്രാന്‍ ബിഷപ്പ് ജോസഫ് കല്ലറയ്ക്കൽ അഭിഷിക്തനായി
പ്രവാചകശബ്ദം 17-07-2023 - Monday
കാഞ്ഞിരപ്പള്ളി: ജയ്പൂർ രൂപതയുടെ ദ്വിതീയ മെത്രാനായി ബിഷപ്പ് ജോസഫ് കല്ലറയ്ക്കൽ അഭിഷിക്തനായി. ഔർ ലേഡി ഓഫ് അനൻസിയേഷൻ കത്തീഡ്രലിൽ ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച മെത്രാഭിഷേക കർമങ്ങൾക്കു ബോംബെ അതിരൂപത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. ആഗ്ര ആർച്ച് ബിഷപ്പ് ഡോ. റാഫി മഞ്ഞളി, ജയ്പുർ രൂപതാധ്യക്ഷനായിരുന്ന ഡോ. ഓസ്വാൾഡ് ലൂയിസ് എന്നിവർ സഹകാർമികരായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ മെത്രാഭിഷേക കർമങ്ങളിൽ പങ്കുചേർന്നു.
ജയ്പൂർ രൂപതയുടെ അജപാലന ശുശ്രൂഷയിൽനിന്ന് ബിഷപ്പ് ഡോ. ഓസ്വാൾഡ് ലൂയിസ് വിരമിച്ചതിനെ തുടർന്നാണ് റവ. ഡോ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പുർ മെത്രാനായി ഏപ്രിൽ 22ന് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, സീറോ മലബാർ സഭാ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിജ്നോർ ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ ജോൺ വടക്കേൽ, ഗോരഖ്പുർ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം, രാജ്കോട്ട് മെത്രാൻ മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷാബാദ് സഹായ മെത്രാൻമാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ തോമസ് പാടിയത്ത്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ തുടങ്ങിയവരും സാമൂഹിക രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.