News - 2025

കർദ്ദിനാൾ സാക്കോയെ ഇറാഖിലെ ക്രൈസ്തവ സഭയുടെ പരമാധികാരിയായി അംഗീകരിക്കുന്ന ഡിക്രി പിൻവലിച്ച് പ്രസിഡന്റ്

പ്രവാചകശബ്ദം 18-07-2023 - Tuesday

ബാഗ്ദാദ്: കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയെ ക്രൈസ്തവ സഭയുടെ പരമാധികാരിയായി അംഗീകരിക്കുന്ന ഡിക്രി പിൻവലിച്ച ഇറാഖി പ്രസിഡന്റ് അബ്ദുൽ റാഷിദിന്റെ നടപടിയില്‍ പ്രതിഷേധം. കർദ്ദിനാൾ സാക്കോയെ രാജ്യത്തെ സഭയുടെ പരമാധികാരിയായി അംഗീകരിക്കുന്ന 'റിപ്പബ്ലിക്കൻ ഡിക്രി 147' 2013ൽ അന്ന് പ്രസിഡന്റായിരുന്ന ജലാൽ തലാപാനിയാണ് പുറപ്പെടുവിക്കുന്നത്. ഇത് ഇക്കഴിഞ്ഞ ദിവസം പിന്‍വലിക്കുകയായിരിന്നു. പ്രസിഡന്റിന്റെ തീരുമാനം അറിഞ്ഞതിന് പിന്നാലെ ബാഗ്ദാദിലെ പാത്രിയാർക്കീസിന്റെ ആസ്ഥാനത്തുനിന്ന് കുർദിസ്ഥാനിലെ ഒരു സന്യാസ ആശ്രമത്തിലേക്ക് മാറുകയാണെന്ന് കർദ്ദിനാൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതിസന്ധി കടന്നുപോകുന്നത് വരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം ക്രൈസ്തവ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഏകദേശം മൂന്നുലക്ഷത്തോളം കൽദായ കത്തോലിക്ക വിശ്വാസികളാണ് ഇറാഖിലുളളത്. ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് താണ്ഡവമാടിയ സമയത്താണ് നിരവധി കൽദായ വിശ്വാസികൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും, പുറം രാജ്യങ്ങളിലേക്കും പലായനം ചെയ്തിരിന്നു. പ്രസിഡന്റിന് മതനേതാക്കളെ നിയമിക്കുവാനോ, അവർക്ക് മറ്റ് സ്ഥാനമാനങ്ങൾ നൽകാനോ അധികാരമില്ലാത്തതിനാൽ ഭരണഘടനയിലെ ഒരു തെറ്റാണ് താൻ ഈ തീരുമാനത്തിലൂടെ തിരുത്തിയതെന്ന് പ്രസിഡന്റ് അബ്ദുൽ റാഷിദ് പറഞ്ഞു. എന്നാൽ സഭയുടെ സ്വത്തുവകകൾ സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നു കർദ്ദിനാൾ സാക്കോ ആരോപിച്ചു.

ബാബിലോൺ ബ്രിഗേഡ്സ് പാർട്ടിയുടെ നേതാവാണ് റയാൻ അൽ കിൽദാനി. ക്രൈസ്തവർക്ക് അവകാശപ്പെട്ട പ്രാതിനിധ്യം നൽകാതെ അവരുടെ പാർലമെന്റിലെ സീറ്റുകൾ പിടിച്ചടക്കുന്നുവെന്ന് കിൽദാനിക്ക് എതിരെ നേരത്തെ തന്നെ കർദ്ദിനാൾ സാക്കോ ആരോപണം ഉന്നയിച്ചിരിന്നു. പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജൂലൈ പത്താം തീയതി അബ്ദുൽ റാഷിദിന് അയച്ച കത്തിൽ കർദ്ദിനാൾ സൂചിപ്പിച്ചിരുന്നു. അതേസമയം തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെ യൂറോപ്പിലെയും ഏഷ്യയിലെയും കൽദായ മെത്രാന്മാർ തിങ്കളാഴ്ച പ്രസിഡന്റിന് കത്തയച്ചു. ഉത്തരവാദിത്തമില്ലാത്ത നടപടിയെന്നാണ് പ്രസിഡന്റിന്റെ തീരുമാനത്തെ ഇവര്‍ വിശേഷിപ്പിച്ചത്. ആകെ രണ്ടരലക്ഷം ക്രൈസ്തവര്‍ മാത്രമുള്ള ഇറാഖിലെ ക്രൈസ്തവ ജനസംഖ്യയുടെ 65%വും കല്‍ദായ കത്തോലിക്കരാണ്.

More Archives >>

Page 1 of 862