News - 2025

അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയില്‍ കൊളംബിയയില്‍ കര്‍മ്മല മാതാവിന്റെ തിരുനാള്‍ പ്രദക്ഷിണം

പ്രവാചകശബ്ദം 19-07-2023 - Wednesday

ബൊഗോട്ട: പതിവ് തെറ്റിക്കാതെ കൊളംബിയയുടെ തെരുവുകളില്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഡ്രൈവര്‍മാരുടെ മധ്യസ്ഥയായ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആഘോഷം ഇക്കൊല്ലവും നടന്നു. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും, പ്രദക്ഷിണങ്ങളും, തീര്‍ത്ഥാടനങ്ങളും വാഹനങ്ങളുടെ ഘോഷയാത്രയും നടന്നു. ബൊഗോട്ടക്കു പുറമേ, മെഡെലിന്‍, ബാരന്‍ക്വില എന്നീ നഗരങ്ങളിലും വാഹനവ്യൂഹങ്ങളുടെ പ്രദക്ഷിണം നടന്നു. ജൂലൈ 16-ന് കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആഘോഷം കൊളംബിയയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ്.



ഇളം നീല, വെള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും മരിയന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഹോണ്‍ മുഴക്കി നടന്ന പ്രദക്ഷിണം തലസ്ഥാന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു. നിരവധി ഇടവകകളില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം വൈദികര്‍ വാഹനങ്ങള്‍ വെഞ്ചരിച്ചിരിന്നു. വിമാനവും ബോട്ടും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും മധ്യസ്ഥയായാണ് കര്‍മ്മല മാതാവിനെ വണങ്ങുന്നത്. തിരുനാളിനോട് അനുബന്ധിച്ച് വിവിധ നഗരങ്ങളില്‍ നടക്കാറുള്ള അലങ്കരിച്ച വാഹനങ്ങളുടെ ഘോഷയാത്ര പ്രസിദ്ധമാണ്. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഭക്തിസാന്ദ്രമായ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തു. കൊളംബിയക്ക് പുറമേ ചിലിയിലും കര്‍മ്മല മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്.

More Archives >>

Page 1 of 863