News - 2025
ലോക യുവജനദിനത്തോട് അനുബന്ധിച്ചു പോർച്ചുഗലിൽ നടക്കുന്ന പ്രമുഖ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി മലയാളിയും
പ്രവാചകശബ്ദം 19-07-2023 - Wednesday
മെൽബൺ: അടുത്ത മാസം പോർച്ചുഗലിൽ നടക്കുന്ന ലോക യുവജനദിനത്തോട് അനുബന്ധിച്ചു ഒരുക്കുന്ന പ്രമുഖ കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി മലയാളിയും. മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ "മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം" എന്ന വിഷയത്തിൽ ഓഗസ്റ്റ് 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ 3:00 വരെ പ്രഭാഷണം നടത്തും. ഫോറം ലിസ്ബോവ - അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്ബോവക്ക് പരിപാടിക്ക് ആതിഥേയത്വം വഹിക്കും.
അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ലോക യുവജന സമ്മേളനത്തിലെ ഈ കോൺഫറൻസിന് നേതൃത്വം നൽകുന്ന ഓഷ്യാനിയ മേഖലയിൽ നിന്നുള്ള ചുരുക്കം ചില പ്രമുഖരിൽ ഒരാളാണ് സോജിൻ സെബാസ്റ്റ്യൻ. ഓഷ്യാനിയ മേഖലയ്ക്കുള്ളിലെ കത്തോലിക്കാ വിശ്വാസ പരിപോഷണത്തിന് സീറോ മലബാർ രൂപത വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹത്തിന്റെ പങ്കാളിത്തം അടിവരയിടുന്നു. ലോകമെമ്പാടുമുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരും പണ്ഡിതന്മാരും നേതാക്കളും ഫോറം ലിസ്ബോവ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ലോക യുവജന സംഗമം കത്തോലിക്കാ സഭയിലെ യുവജനങ്ങളുടെ ഊർജ്ജസ്വലമായ ചൈതന്യത്തിന്റെയും തീക്ഷ്ണതയുടെയും തെളിവാണ്. ലോകമെമ്പാടുമുള്ള യുവജനങ്ങളെ മാർപാപ്പയുടെ സാന്നിധ്യത്തിൽ ഒന്നിപ്പിക്കുന്ന അസാധാരണമായ ഒത്തുചേരലാണ് ലോക യുവജനദിനം. ഏകദേശം 7 ലക്ഷം യുവജനങ്ങൾ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ആഗോള തലത്തില്‍ കത്തോലിക്കാ യുവജനങ്ങൾക്ക് അഗാധമായ ദൈവശാസ്ത്ര ചർച്ചകളിൽ ഏർപ്പെടാനും മൂല്യവത്തായ നേതൃത്വം, വിശ്വാസം, ശിഷ്യത്വ പാഠങ്ങൾ എന്നിവ ഉൾക്കൊള്ളാനുമുള്ള അടിത്തറ പാകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.