News - 2025
ഹോളിവുഡിനെ ബാധിച്ച സമരത്തിനിടയിലും 'ദി ചോസണ്‍' പരമ്പരക്കു പ്രത്യേക അനുമതി
പ്രവാചകശബ്ദം 19-07-2023 - Wednesday
ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സിനിമാ മേഖലയിലെ കടന്നുകയറ്റത്തിനെതിരെയും പ്രതിഫല വര്‍ദ്ധനവിനായും ഹോളിവുഡ് സ്റ്റുഡിയോകളില്‍ സമരം പുരോഗമിക്കുമ്പോഴും ക്രിസ്തുവിന്റെ പരസ്യ ജീവിതം പ്രമേയമാക്കിയ 'ദി ചോസണ്‍' ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണത്തിനു യൂണിയന്‍ അനുമതി. പരമ്പരയുടെ നാലാമത്തെ സീസണിന്റെ ചിത്രീകരണമാണ് നടക്കുന്നത്. നടീനടന്‍മാരും, മാധ്യമ പ്രവര്‍ത്തകരും, ഗായിക - ഗായകരും ഉള്‍പ്പെടെ ഒന്നരലക്ഷത്തിലധികം പേര്‍ അംഗങ്ങളായുള്ള ‘സ്ക്രീന്‍ ആക്റ്റേഴ്സ് ഗില്‍ഡ് ആന്‍ഡ് ദി അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്സ്” (എസ്.എ.ജി-എ.എഫ്.ടി.ആര്‍.എ) യൂണിയന്‍ പ്രഖ്യാപിച്ച സമരമാണ് പുരോഗമിക്കുന്നത്.
പ്രാരംഭത്തില്‍ സമരം തങ്ങളെ ബാധിച്ചുവെന്നു പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെങ്കിലും, പൂര്‍ണ്ണമായും സ്വകാര്യ ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പരമ്പരയായതിനാല്‍ ദി ചോസണ്‍ സമരത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പരമ്പരയില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥന്‍ റൂമി ഉള്‍പ്പെടെയുള്ളവര്‍ എസ്.എ.ജി അംഗങ്ങളാണ്. തങ്ങള്‍ സമരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായും പരമ്പരയുടെ ചിത്രീകരണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും അണിയറ പ്രവര്‍ത്തകരുടെ ട്വീറ്റില്‍ പറയുന്നു.
സമരത്തില്‍ ഒഴിവാക്കപ്പെടുന്ന ആദ്യ പരമ്പരയാണ് ‘ദി ചോസണ്‍’. “സമരം പണവും, സമയവും നഷ്ടപ്പെടുത്തിയെങ്കിലും തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന 5 അപ്പവും 2 മത്സ്യവും കൊണ്ടുവന്നിരിക്കുകയാണ്. ബാക്കിയെല്ലാം ദൈവം നോക്കിക്കോളുമെന്ന" പ്രത്യാശനിര്‍ഭരമായ വാക്കുകളാണ് പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 16 മുതല്‍ ദി ചോസണ്‍ സി.ഡബ്ലിയു നെറ്റ്വര്‍ക്കിലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.