News - 2024

ഫ്രാൻസിലെ മാർസേയിലേക്ക് സന്ദര്‍ശനം നടത്താന്‍ ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 31-07-2023 - Monday

വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ മാസം ആദ്യം മംഗോളിയിൽ നിന്നും അപ്പസ്തോലിക സന്ദർശനത്തിനു ശേഷം മടങ്ങിവരുന്ന ഫ്രാൻസിസ് മാർപാപ്പ മൂന്നാഴ്ചകൾക്ക് ശേഷം ഫ്രാൻസിലെ മാർസേയിലി സന്ദർശിക്കും. സെപ്റ്റംബർ 22, 23 തീയതികളിലാണ് പാപ്പ മാർസേയിൽ സന്ദർശനം നടത്തുകയെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. ആഫ്രിക്കയിൽ നിന്നും ജനുവരി മാസം അപ്പസ്തോലിക പര്യടനം നടത്തി തിരികെ വരുന്ന വേളയിൽ വിമാനത്തിൽവെച്ച് മാർസേയി സന്ദർശനത്തിനെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ സൂചിപ്പിച്ചിരുന്നു. സെപ്റ്റംബർ 22 ഉച്ചകഴിഞ്ഞ് 2;35 ന് റോമിൽ നിന്നും യാത്ര ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ 4:15ന് ഔദ്യോഗികമായി സ്വീകരിക്കും. ഇതിന് ഒരു മണിക്കൂറിനു ശേഷം ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽവെച്ച് വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും.

കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകത്തിൽ ഒത്തുചേരുന്ന മത നേതാക്കൾക്ക് വേണ്ടി പാപ്പ സന്ദേശം നൽകി സംസാരിക്കും. പിറ്റേന്നു സെപ്റ്റംബർ 23 മാർസെലി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജിയാൻ മാർക്സ് അവലിന്റെ വസതിയിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്നവരെയും ഫ്രാൻസിസ് മാർപാപ്പ കാണും. ഇതിനുശേഷമായിരിക്കും പ്രധാന പരിപാടിയിൽ പാപ്പ പങ്കെടുക്കുക. ഫ്രഞ്ച് പ്രസിഡന്റുമായി പുലർച്ചെ 11 30ന് കൂടിക്കാഴ്ച നടത്തിയതിന് ശേഷം വൈകുന്നേരം വെലോഡ്രോം സ്റ്റേഡിയത്തിൽവെച്ച് അന്നേദിവസം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും അർപ്പിക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരോടൊപ്പം നൂറ്റിയിരുപതോളം വരുന്ന യുവജനങ്ങൾ ഒത്തുചേരുന്ന റെൺകോൺഡ്രസ് മെഡിറ്ററേനീൻസ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ മാർസേയിൽ എത്തിച്ചേരുന്നത്.

സംവാദത്തിലും, പ്രകൃതി സംരക്ഷണ വിഷയത്തിലും താല്പര്യമുള്ള കൂട്ടായ്മകളുടെ ഒത്തുചേരലാണ് റെൺകോൺഡ്രസ് മെഡിറ്ററേനീൻസ്. ആറ് ആറാഴ്ചകൾക്കിടയിൽ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന മൂന്നാമത്തെ യാത്രയായിരിക്കും ഇത്. ഓഗസ്റ്റ് രണ്ടു മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ ഭാഗമാകാൻ പാപ്പ ഉണ്ടാകും. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ദിനത്തോട് അനുബന്ധിച്ചായിരിക്കും ഒത്തുചേരലിന് സമാപനമാവുക. ആഫ്രിക്കയിൽ നിന്നും, ഏഷ്യയിൽ നിന്നുമുള്ള നിരവധി അഭയാർത്ഥികളുടെ ജീവൻ യൂറോപ്പിൽ എത്താൻ ശ്രമിക്കുന്നതിനിടയിൽ മെഡിറ്ററേനിയനിൽവെച്ച് പൊലിയുന്നത് മൂലം മെഡിറ്ററേനിയനെ യൂറോപ്പിന്റെ ഏറ്റവും വലിയ ശവക്കല്ലറയെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ വിശേഷിപ്പിച്ചിരുന്നു.


Related Articles »