News - 2025

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിന് പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍

പ്രവാചകശബ്ദം 10-08-2023 - Thursday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍. ഓഗസ്റ്റ് 3ന് പുലര്‍ച്ചെ നൈജര്‍ സംസ്ഥാനത്തിലെ ഗൈഡ്നായിലെ വസതിയില്‍ നിന്നും ആയുധധാരികളായ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ ഫാ. പോള്‍ സനോഗോയുടെയും, സെമിനാരി വിദ്യാര്‍ത്ഥി മെല്‍ക്കിയോറിന്റേയും മോചനത്തിനായി പ്രാര്‍ത്ഥനാ സഹായം യാചിച്ച് മിന്യായിലെ മെത്രാന്‍ മാര്‍ട്ടിന്‍ ഇഗ്വെമെസി ഉസൗക്വുവാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുവാനും, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ സമാധാനത്തില്‍ തിരികെ കൊണ്ടു വരുവാനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് ബിഷപ്പ് പ്രസ്താവിച്ചു. ബുര്‍ക്കിനാ ഫാസോ സ്വദേശിയായ ഫാ. സനോഗോ 'വൈറ്റ് ഫാദേഴ്സ്' എന്നറിയപ്പെടുന്ന ‘മിഷ്ണറീസ് ഓഫ് ആഫ്രിക്ക’ സമൂഹാംഗമാണ്.

മിഷ്ണറി പ്രവര്‍ത്തനവുമായി സജീവമായി ശുശ്രൂഷ ചെയ്തുവന്ന സെമിനാരി വിദ്യാര്‍ത്ഥി മെല്‍ക്കിയോര്‍ ഡൊമിനിക്ക് മഹിനീനി ടാന്‍സാനിയായിലെ കിഗോമ സ്വദേശിയാണ്. തന്റെ ദൈവശാസ്ത്ര പഠനത്തിനു മുന്നോടിയായി പ്രേഷിതാനുഭവം നേടുന്നതിനു വേണ്ടിയായിരുന്നു മഹിനീനി നൈജീരിയയില്‍ എത്തിയതെന്ന്‍ കിഗോമ മെത്രാന്‍ ജോസഫ് മ്ലോള അറിയിച്ചു. നൈജീരിയയിലെ ഉത്തര-മധ്യ സംസ്ഥാനമായ നൈജറിലെ പൈകോരോ പ്രാദേശിക ഗവണ്‍മെന്റ് ഏരിയയിലെ ഗൈഡ്നായിലെ സെന്റ്‌ ലുക്ക്‌സ് ദേവാലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനും സെമിനാരി വിദ്യാര്‍ത്ഥിയും.

നൈജര്‍ സംസ്ഥാന പോലീസ് പ്രതിനിധി ഇരുവരും തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ മേഖലയിലെ മറ്റ് വൈദികര്‍ ഏറ്റവും ശ്രദ്ധയോടെ കഴിയണമെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടുണ്ട്. ടാന്‍സാനിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും, ഇംബേയ മെത്രാപ്പോലീത്തയുമായ ഗെര്‍വാസ് ജോണ്‍ ഇംവാസിക്വാബില ന്യായിസോങ്ങയും തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഓരോ മാസവും നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് പതിവ് സംഭവമായിട്ടും കൃത്യമായ നടപടിയെടുക്കുവാന്‍ അധികൃതര്‍ തയാറാകുന്നില്ലായെന്നതാണ് വസ്തുത.


Related Articles »