News
ചിലിയിലെ സ്വേച്ഛാധിപത്യ കാലത്ത് കത്തോലിക്ക സഭ മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകള്‍ ചര്‍ച്ചയാകുന്നു
പ്രവാചകശബ്ദം 08-09-2023 - Friday
സാന്റിയാഗോ: ചിലിയന്‍ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ കാലത്ത് ചിലിയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ വേദനാജനകമായ അധ്യായങ്ങളും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുവാന്‍ കത്തോലിക്ക സഭ നടത്തിയ ശ്രമങ്ങളും ചരിത്ര രേഖകളിലൂടെ ചര്‍ച്ചയാകുന്നു. ചിലിയിലെ കര്‍ദ്ദിനാള്‍ റാവുള്‍ സില്‍വ ഹെന്‍റിക്വസ് സ്ഥാപിച്ച ‘വികാരിയത്ത് ഓഫ് സോളിഡാരിറ്റി’ എന്ന മനുഷ്യാവകാശ സംഘടനയിലെ പ്രവര്‍ത്തകര്‍ 1976-നും 1992-നും ഇടയില്‍ ശേഖരിച്ച രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്' ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്ത് ഏതാണ്ട് നാല്‍പ്പത്തിയേഴായിരത്തോളം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് ചിലി സാക്ഷ്യം വഹിച്ചത്.
ഏകാധിപത്യ ഭരണകൂടത്താല്‍ പീഡിപ്പിക്കപ്പെട്ടവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരുന്ന സംഘടനക്ക് നേതൃത്വം നല്‍കിയിരുന്നത് സാമൂഹ്യ പ്രവര്‍ത്തകരും, അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമായിരുന്നു. എങ്ങനെയാണ് അടിച്ചമര്‍ത്തല്‍ നടന്നിരുന്നതു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ രേഖകളുടെ ശേഖരം നല്‍കുന്നുണ്ടെന്നു വികാരിയത്ത് അടച്ചുപൂട്ടപ്പെട്ട ശേഷം ഈ ഗ്രന്ഥങ്ങളും രേഖകളും സൂക്ഷിക്കുന്ന ചുമതല നിര്‍വഹിച്ചിരുന്ന ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് സെക്രട്ടറിയായ മരിയ പാസ് വെര്‍ഗാരയെ ഉദ്ധരിച്ച് 'എപി' റിപ്പോര്‍ട്ട് ചെയ്യുന്നു. പിനോഷെയുടെ ക്രൂരതകള്‍ക്ക് ഇരയായവര്‍ക്ക് കര്‍ദ്ദിനാള്‍ ഹെന്‍റിക്വസ് നല്‍കിയ സംരക്ഷണം സമാനതകളില്ലാത്തതാണ്.
ചിലിയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായവര്‍ക്കുള്ള കത്തോലിക്കാ സഭയുടെ സഹായം പെട്ടെന്നായിരുന്നു. കത്തോലിക്ക സഭക്ക് പുറമേ മറ്റ് സഭകളും അവരെ സഹായിച്ചിരുന്നുവെന്നും ചരിത്രകാരനായ മരിയ സോലെഡാഡ് ഡെ വില്ലര്‍ പറയുന്നു. 1973 സെപ്റ്റംബര്‍ 11-ന് സൈനീക അട്ടിമറിയിലൂടെ പ്രസിഡന്റ് സാല്‍വദോര്‍ അല്ലെന്‍ഡെ പുറത്തായ ഉടന്‍ തന്നെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മിറ്റി ഉണ്ടാക്കുവാന്‍ കര്‍ദ്ദിനാള്‍ ഹെന്‍റിക്വസ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ക്രൈസ്തവരും, യഹൂദരും, ഇതര മതവിശ്വാസികളും ഉള്‍പ്പെടുന്ന കമ്മിറ്റി 1975-ല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധം മൂലം അടച്ചുപൂട്ടപ്പെടുന്നത് വരെ അടിച്ചമര്‍ത്തലിനു ഇരയായവര്‍ക്ക് വേണ്ട നിയമപരവും, സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരുന്നു.
കമ്മിറ്റി അടച്ചുപൂട്ടപ്പെട്ടതിന് ശേഷമാണ് കര്‍ദ്ദിനാള്‍ ഹെന്‍റിക്വസ് സാന്റിയാഗോ അതിരൂപതയില്‍ വികാരിയത്ത് ഓഫ് സോളിഡാരിറ്റി സ്ഥാപിച്ചത്. ഇതൊരു വലിയ നീക്കമായിരുന്നു. കത്തോലിക്കാ സഭയുടെ സ്ഥാപനമായിരുന്നതിനാല്‍ പിനോഷെക്ക് അത് അടച്ചുപൂട്ടുവാനുള്ള അധികാരമില്ലായിരുന്നു. ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട സംഘടനയുടെ 16 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനിടയില്‍ ഏകാധിപത്യ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത കാണാതായ നിരവധി പേരുരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ സംഘടനക്ക് കഴിഞ്ഞുവെന്നും മരിയ സോലെഡാഡ് ഡെ വില്ലര്‍ വെളിപ്പെടുത്തി. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ചിലിയിലെ ജനസംഖ്യയുടെ 70%വും കത്തോലിക്ക വിശ്വാസികളാണ്.