News

പാക്ക് ക്രൈസ്തവര്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെ തുറന്നുക്കാട്ടി യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം

പ്രവാചകശബ്ദം 20-09-2023 - Wednesday

ജനീവ: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാന്‍ മതന്യൂനപക്ഷമായ ക്രൈസ്തവരോട് കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധിയെന്ന നിലയില്‍ പാകിസ്ഥാനിലെ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ജേസനാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു.എന്‍.എച്ച്.ആര്‍.സി) തുറന്ന പ്രസ്താവന നടത്തിയത്. കെട്ടിച്ചമച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര സുരക്ഷയുടെ പേരും പറഞ്ഞ് രാജ്യത്തു യാതൊരു വിചാരണയും കൂടാതെ തടവിലാക്കുകയാണെന്നു ജേസണ്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി.

കുപ്രസിദ്ധമായ മതനിന്ദാ നിയമം ഉപയോഗിച്ച് പാക്കിസ്ഥാന്‍, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്. മതനിന്ദ ആരോപണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ അന്യായമായി വിചാരണക്കിരയാകുകയും തടവിലാക്കപ്പെടുകയും തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും ചെയ്യുന്നു. വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ ജാരന്‍വാലയില്‍ രോഷാകുലരായ ജനക്കൂട്ടം ക്രൈസ്തവ ദേവാലയങ്ങളെയും, ക്രിസ്ത്യാനികളെയും ആക്രമിച്ചത് തടയുന്നതില്‍ പോലീസിന് പരാജയം സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ മതന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റിയിരിക്കുകയാണെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു.

മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുവാന്‍ മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജാരന്‍വാലയില്‍ ക്രൈസ്തവര്‍ ഖുറാനേയും ഇസ്ലാമിനേയും നിന്ദിച്ചു എന്ന് ആരോപിച്ചുകൊണ്ട് മുസ്ലീം പള്ളിയില്‍ നിന്നും മൈക്കിലൂടെ കലാപ ആഹ്വാനം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റ് 16-ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും, വീടുകള്‍ക്കുമെതിരെ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. കത്തോലിക്കാ ദേവാലയം ഉള്‍പ്പെടെ നിരവധി ദേവാലയങ്ങളും, ക്രൈസ്തവ ഭവനങ്ങളും അന്നു ആക്രമിക്കപ്പെട്ടിരിന്നു. ആയിരങ്ങളാണ് പ്രദേശത്ത് നിന്നു പലായനം ചെയ്തത്.

Tag: Pakistan Christians, UN, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »