News - 2025
ദയാവധം: അപലപിച്ച് കനേഡിയൻ ദേശീയ മെത്രാൻ സിനഡ്
പ്രവാചക ശബ്ദം 30-09-2023 - Saturday
ഒന്റാരിയോ: ദയാവധം വ്യാപിപ്പിക്കുവാനുള്ള നീക്കത്തെ അപലപിച്ച് കനേഡിയൻ കത്തോലിക്ക ബിഷപ്പുമാരുടെ (CCCB) വാർഷിക സിനഡ്. കാനഡ ദയാവധത്തിനുള്ള സാധ്യതകള്‍ വ്യാപിപ്പിക്കാനിരിക്കെ, വ്യക്തികളെ അവരുടെ കഷ്ടപ്പാടുകളിൽ സഹായിക്കുക, കുടുംബങ്ങളെ സഹായിക്കുക, മാനുഷിക അന്തസ്സിനെ മാനിക്കുക എന്നിവയിൽ സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യാഴാഴ്ച നടന്ന സിനഡാനന്തര വാർത്ത സമ്മേളനത്തിൽ കനേഡിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് വില്യം മഗ്രാട്ടൻ പറഞ്ഞു.
കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സംഘടനകൾ സാന്ത്വന പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദയാവധത്തെ പിന്തുണയ്ക്കില്ലെന്നും മഗ്രാട്ടൻ പറഞ്ഞു. 2016 നും 2021 നും ഇടയിൽ മുപ്പതിനായിരത്തിലധികം കനേഡിയൻ പൗരന്‍മാര്‍ ദയാവധം മൂലം വിടവാങ്ങി. ഈ രീതി നിയമവിധേയമാക്കിയതിനുശേഷം സ്ഥിരമായി മാറിയിരിക്കുകയാണ്. 2024 മാർച്ചിൽ, മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ദയാവധത്തിൽ ഉൾപ്പെടുത്തുന്നതിനായി മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിംഗ് (MAiD) എന്നറിയപ്പെടുന്ന നിയമപരമായ ദയാവധ പദ്ധതി കാനഡ വിപുലീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരുസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ വലിയ തിന്‍മകള്‍ക്ക് വഴിവെയ്ക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
2020-ൽ ലോക രോഗീ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട സന്ദേശത്തിൽ എത്ര മാരകമായ രോഗാവസ്ഥയിലാണെങ്കില്‍ പോലും ദയാവധത്തെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാട് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരിന്നു. മാരകമായ രോഗാവസ്ഥയില്‍ ദയാവധവുമായോ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയുമായോ യാതൊരുവിധ സന്ധിയും പാടില്ലെന്ന് ആരോഗ്യപരിപാലന രംഗത്ത് ജോലിചെയ്യുന്നവരെ പാപ്പ അന്നു ഓര്‍മ്മിപ്പിച്ചിരുന്നു.