News

ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ അമേരിക്ക അഭയം നല്‍കിയ ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവ്

പ്രവാചകശബ്ദം 28-09-2023 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനം ലോകവ്യാപകമായി ശക്തമായിക്കൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ അര ദശകത്തിനിടയില്‍ അമേരിക്കയില്‍ അഭയം ലഭിച്ച ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സര്‍ക്കാരേതര സന്നദ്ധ സംഘടനകളാണ് “ക്ലോസ്ഡ് ഡോഴ്സ്” എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയും ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് അഭയാര്‍ത്ഥി പുനരിധിവാസ പരിപാടികള്‍ റദ്ദ് ചെയ്തതുമാണ് ഇതിന്റെ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ കുറവാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

2016-ല്‍ 32,248 പേര്‍ അമേരിക്കയില്‍ അഭയം തേടിയപ്പോള്‍, 2022 ആയപ്പോഴേക്കും അത് 9528 ആയി കുറഞ്ഞു. 70% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ മ്യാന്‍മറില്‍ നിന്നും 7634 ക്രൈസ്തവര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ 2022-ല്‍ അത് വെറും 587 ആയി കുറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് ഇറാനില്‍ നിന്നുള്ള 2,086 ക്രിസ്ത്യാനികള്‍ അമേരിക്കയില്‍ അഭയം കണ്ടെത്തിയപ്പോള്‍ 2022-ല്‍ അത് 112 ആയി കുറഞ്ഞു. 2016-ല്‍ എറിത്രിയയില്‍ നിന്നും 1,639 ക്രൈസ്തവരും, ഇറാഖില്‍ നിന്നും 1,524 ക്രൈസ്തവര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ 2022-ല്‍ അത് യഥാക്രമം 252, 93 ആയി കുറഞ്ഞു.

ലോകത്തെ പല പ്രദേശങ്ങളും ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമല്ല എന്നത് ദയനീയമായ ഒരു യാഥാര്‍ത്ഥ്യമാണെന്നും ഈ സാഹചര്യത്തില്‍ അമേരിക്ക ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ഈ വര്‍ഷം ആദ്യത്തില്‍ പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകമെമ്പാടുമായി 36 കോടി ക്രിസ്ത്യാനികളാണ് വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. 2020-ലെ ക്ലോസ്ഡ് ഡോഴ്സ് റിപ്പോര്‍ട്ട് പ്രകാരം ഈ സംഖ്യ 26 കോടിയായിരുന്നു.

മതപീഡനം ശക്തമായി തുടരുമ്പോഴും അമേരിക്കയില്‍ പുനരധിവസിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണം വളരെ കുറവാണ്. 2016-ല്‍ 97,000 ക്രൈസ്തവരെ പുനരധിവസിപ്പിക്കപ്പെട്ടപ്പോള്‍ 2018-ല്‍ അത് 23,000 ആയി കുറഞ്ഞു. എന്നാല്‍ അതേ വര്‍ഷം കാനഡ പുനരധിവസിപ്പിച്ചത് 28,000 അഭയാര്‍ത്ഥികളെയാണ്. അമേരിക്കന്‍ പുനരധിവാസ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി പതിനായിരത്തില്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത് 2020-ലാണ്. 2021-ല്‍ പ്രസിഡന്റ് ബൈഡന്‍ അഭയം നല്‍കേണ്ടവരുടെ എണ്ണം 15,000 ആയി കുറച്ചിരുന്നുവെങ്കിലും മതസംഘടനകളുടെ എതിര്‍പ്പ് കാരണം അത് 65,000 ആയി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ആ സംഖ്യ 1,25,000 നിശ്ചയിച്ചുവെങ്കിലും ഈ വര്‍ഷം വെറും 60,000-ത്തോളം അഭയാര്‍ത്ഥികള്‍ക്ക് മാത്രമാണ് അമേരിക്ക അഭയം നല്‍കിയിട്ടുള്ളൂ.

More Archives >>

Page 1 of 887