News - 2025

ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിനു കൂട്ടായ പ്രതികരണം ആവശ്യം: യുഎന്നില്‍ വീണ്ടും വത്തിക്കാന്‍

പ്രവാചകശബ്ദം 29-09-2023 - Friday

വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിനു കൂട്ടായ പ്രതികരണം ആവശ്യമാണെന്നു പരിശുദ്ധ സിംഹാസനത്തിന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ആണവായുധങ്ങൾ ഇല്ലാതാക്കുവാനുള്ള ധാർമികമായ ആവശ്യകതയെ ചൂണ്ടിക്കാട്ടി ആണവായുധങ്ങളുടെ ഉന്മൂലന ദിനമായ സെപ്തംബർ ഇരുപത്തിയാറാം തീയതി ഐക്യരാഷ്ട്രസഭയുടെ ഉന്നതതലയോഗത്തിലാണ് വത്തിക്കാന്‍ വിഷയത്തില്‍ വീണ്ടും പ്രതികരണം നടത്തിയത്. തന്റെ സന്ദേശത്തില്‍ ആണവായുധ ഭീഷണി ഉയർത്തുന്ന അപകടസാധ്യതകൾ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ആണവായുധങ്ങളുടെ വികസനത്തിനു നെട്ടോട്ടമോടുമ്പോൾ ആണവ നിർവ്യാപന ഉടമ്പടിയുടെ ആർട്ടിക്കിൾ VI പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുപകരം, രാജ്യങ്ങൾ ആണവ പ്രതിരോധത്തെ ആശ്രയിക്കുന്നത് ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ പറഞ്ഞു. ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിന്റെ ആത്യന്തിക ലക്ഷ്യം ധാർമ്മികവും മാനുഷികവുമായ അനിവാര്യതയാണെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു.

ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനം കൈവരിക്കുന്നതിന് പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രതികരണം ആവശ്യമാണ്. അതിനായി സഹകരണ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ അന്താരാഷ്ട്ര സമൂഹം കൂടുതൽ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ മാസത്തിന്റെ ആരംഭത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഉന്നതതല പ്ലീനറി യോഗത്തിൽ യുഎന്നിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺ. ജിയോർഡാനോ കാസിയ ആണവായുധ പരീക്ഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരിന്നു.

More Archives >>

Page 1 of 887