News

ലോക സമാധാനത്തിനും ആഗോള സിനഡിന്റെ വിജയത്തിനും മധ്യപൂര്‍വ്വേഷ്യയിലെ യുവജനങ്ങളുടെ ജാഗരണ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 28-09-2023 - Thursday

ബെയ്റൂട്ട്: ലോക സമാധാനത്തിനും യുദ്ധങ്ങൾ അവസാനിക്കുന്നതിനും മധ്യപൂര്‍വ്വേഷ്യയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം യുവജനങ്ങൾ പ്രാര്‍ത്ഥനയ്ക്കു വേണ്ടി ഒരുമിച്ച് കൂടി. കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ ആഗോള സിനഡിനെ പരിശുദ്ധാത്മാവ് നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യണമെന്ന നിയോഗവും യുവജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിന്നു. ലെബനോനിലെ ജെബെയിൽ "ഒരുമിച്ച്" എന്ന സംരംഭത്തിന്റെ ഭാഗമായി നടന്ന പ്രാര്‍ത്ഥന ലെബനോനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ നേതൃത്വവും ടൈസെ കമ്മ്യൂണിറ്റിയും സംയുക്തമായി ചേര്‍ന്നാണ് നടത്തിയത്.

സെപ്തംബർ 16-ന് വൈകുന്നേരം ജെബെയിലിൽ നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയില്‍ മാരോണൈറ്റ് ബിഷപ്പ് മൈക്കൽ ഓൺ, മിഡിൽ ഈസ്റ്റിലെ കാത്തലിക് പാത്രിയാർക്കീസ് ​​കൗൺസിൽ സെക്രട്ടറി ജനറൽ അബോട്ട് ഖലീൽ അൽവാൻ, ലെബനോനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടർ ഫാ. റൂഫേൽ എന്നിവർ സന്നിഹിതരായിരുന്നു. ജാഗരണ പ്രാര്‍ത്ഥനയ്ക്കു മുന്‍പ്, ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിച്ച കുരിശ് രൂപം എക്യുമെനിക്കൽ ഘോഷയാത്രയോടെ സെന്റ് ജോൺ ആൻഡ് മാർക്ക് കത്തീഡ്രൽ പാർക്കിലേക്ക് സംവഹിച്ചു.

''അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹന്നാൻ 17:21) എന്ന വാക്യമായിരിന്നു സംഗമത്തിന്റെ പ്രമേയം. പ്രമുഖ ഗായകൻ ഗബ്രിയേൽ സാസിയുടെ നേതൃത്വത്തിൽ ലെബനോനിലെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള സംഗീത പരിപാടിയും ഇതോടൊപ്പം നടന്നു.

More Archives >>

Page 1 of 887