News - 2024

കന്യാസ്ത്രീയുടെ അനുസ്മരണാര്‍ത്ഥം യു‌എസ് കോടീശ്വരന്‍ കത്തോലിക്ക സംഘടനക്ക് 50 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 29-09-2023 - Friday

ചിക്കാഗോ: അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമായ ഇന്ത്യാനപോളിസ് കോള്‍ട്സിന്റെ ഉടമയായ ജിം ഇര്‍സെ അന്തരിച്ച തന്റെ ബന്ധുവും കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജോയ്സ് ഡൂരായുടെ ആദരണാര്‍ത്ഥം കത്തോലിക്ക സന്നദ്ധ സംഘടനക്ക് 50 ലക്ഷം ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു. ചിക്കാഗോ അതിരൂപതയിലെ ‘കാത്തലിക് ചാരിറ്റീസ്’നാണ് തുക ലഭിക്കുക. കത്തോലിക്കാ കന്യാസ്ത്രീ എന്ന നിലയില്‍ സിസ്റ്റര്‍ ജോയ്സ് അനേകര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ സ്മരിച്ചുകൊണ്ടാണ് ഷിക്കാഗോ സ്വദേശിയായ ഇര്‍സെ ധനസഹായം പ്രഖ്യാപിച്ചത്. അരനൂറ്റാണ്ട് കാലത്തോളം സിസ്റ്റര്‍ ജോയ്സ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുവെന്നും സംഭാവനയിലൂടെ പ്രിയപ്പെട്ട ബന്ധുവിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത അനുസ്മരിക്കുകയാണെന്നും ഇര്‍സെ പറഞ്ഞു.

ഏതാണ്ട് 20 ലക്ഷത്തോളം കത്തോലിക്കര്‍ വസിക്കുന്ന ഷിക്കാഗോയിലെ കത്തോലിക്കാ സഭയുടെ കരുണയുടെ കരങ്ങളാണ് കാത്തലിക് ചാരിറ്റീസ്. പാവപ്പെട്ടവര്‍ക്കായി ഏതാണ്ട് മൂന്നരലക്ഷത്തോളം സൗജന്യ ഭക്ഷണപൊതികളാണ് ഓരോ വര്‍ഷവും സന്നദ്ധ സംഘടന നല്‍കിവരുന്നത്. ഇര്‍സെ കുടുംബത്തിന്റെ ഉദാരമനസ്കതയ്ക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്ന് സംഘടനയുടെ ഷിക്കാഗോ പ്രസിഡന്റും സി.ഇ.ഒ യുമായ സാലി ബ്ലൌണ്ട് സെപ്റ്റംബര്‍ 26-ന് പ്രസ്താവിച്ചു. 1965-ലാണ് സിസ്റ്റേഴ്സ് ഓഫ് ദി തേര്‍ഡ് ഓര്‍ഡര്‍ ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സമൂഹാംഗമായ സിസ്റ്റര്‍ ജോയ്സ് മഠത്തില്‍ ചേരുന്നത്. പിന്നീട് വന്ന 50 വര്‍ഷത്തോളം സന്യാസിനിയെന്ന നിലയില്‍ ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു അവര്‍ നയിച്ചത്.

ഇല്ലിനോയിസിലെ നിരവധി ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും നേഴ്സിംഗ്, സാമൂഹ്യ പ്രവര്‍ത്തനം, അജപാലനം എന്നീ വിവിധ മേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ചു. 2014-ല്‍ തന്റെ എഴുപത്തിയൊന്നാമത്തെ വയസ്സിലാണ് സിസ്റ്റര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നത്. അതേസമയം കത്തോലിക്കാ വിശ്വാസത്തില്‍ ജനിച്ചു വളര്‍ന്ന ഇര്‍സെ തന്റെ വിശ്വാസം മുന്‍പ് പരസ്യമാക്കിയിട്ടുള്ളതാണ്. മുന്‍പ് കോള്‍ട്സിന് വേണ്ടി എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങിയ അവസരത്തില്‍ “എല്ലാ മഹത്വവും കര്‍ത്താവിനാണ് നല്‍കുന്നത്” എന്ന്‍ ഇര്‍സെ പറഞ്ഞിരിന്നു.


Related Articles »