News

ഹോങ്കോങ്ങിലെ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായി തടവിലായിട്ട് 1000 ദിവസങ്ങള്‍

പ്രവാചകശബ്ദം 28-09-2023 - Thursday

ഹോങ്കോങ്ങ്: ഹോങ്കോങ്ങ് ദിനപത്രമായ ആപ്പിള്‍ ഡെയിലിയുടെ മുന്‍ എഡിറ്ററും, പ്രമുഖ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായിയെ ചൈന തടവിലാക്കിയിട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരം ദിവസങ്ങള്‍ തികഞ്ഞു. അദ്ദേഹത്തിന്റെ വിചാരണ അകാരണമായി നീട്ടിവെക്കുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് ജിമ്മി ലായി. ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമത്തിന്‍ കീഴില്‍ 2020 ഡിസംബറിലാണ് ജിമ്മി ലായി അറസ്റ്റിലാകുന്നത്. പ്രമേഹ രോഗിയായ ലായി നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലായിയുടെ മോചനത്തിനായി അടിയന്തിര നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള കമ്മിറ്റിയും, ഫ്രീഡം ഹൌസും, ആംനെസ്റ്റി ഇന്റര്‍നാഷണലും മറ്റ് 8 സംഘടനകളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിനു തുറന്ന കത്ത് അയച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി നടപടി എടുക്കുകയാണെങ്കില്‍ ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ നിര്‍ണ്ണായക നടപടിയായിരിക്കും ഇതെന്നു കത്തില്‍ പറയുന്നു.

മാധ്യമ സ്ഥാപനം സ്ഥാപിക്കുകയും ജനാധിപത്യവാദികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതാണ് ലായി ചെയ്ത കുറ്റമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1947-ല്‍ ചൈനയില്‍ ജനിച്ച ജിമ്മി ലായി 12-മത്തെ വയസ്സിലാണ് ഹോങ്കോങ്ങില്‍ എത്തിയത്. 49-മത്തെ വയസ്സില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 2019-ല്‍ ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബെയ്ജിംഗ് തടവിലാക്കിയ ഇരുന്നൂറ്റിഅന്‍പതോളം ജനാധിപത്യവാദികളില്‍ ഒരാളാണ് ലായി.

2021-ല്‍ ലായി നടത്തിക്കൊണ്ടിരിക്കുന്ന ആപ്പിള്‍ ഡെയിലി എന്ന ചൈനീസ് ഭാഷാദിനപത്രം നൂറുകണക്കിന് പോലീസ് എത്തി അടച്ചുപൂട്ടുകയും, മാധ്യമസ്ഥാപനത്തിന്റെ ഉന്നത ജീവനക്കാരെ തടവിലാക്കുകയും ചെയ്തു. ഹോങ്കോങ്ങില്‍ ജനാധിപത്യത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ച മാധ്യമസ്ഥാപനമായിരുന്നു ആപ്പിള്‍ ഡെയിലി. ലായിയെ തടവിലാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തക സംഘം ഈ വര്‍ഷം ആദ്യം ചൈനീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പം നോബേല്‍ പ്രൈസ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജിമ്മി ലായി ക്രിസ്റ്റിഫിഡെലിസ് ലായിസി അവാര്‍ഡ്, ദി പ്രസ്സ് ഫ്രീഡം അവാര്‍ഡ് എന്നീ ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്.

More Archives >>

Page 1 of 887