News - 2024

നൈജീരിയയില്‍ സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 03-10-2023 - Tuesday

അബൂജ: നൈജീരിയയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സേഫ് ഹെവൻ (ഒപിഎസ്എച്ച്) പ്രത്യേക മിലിട്ടറി ടാസ്‌ക് ഫോഴ്‌സാണ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കു കത്തോലിക്ക ഇടവകയിലെ ആക്രമണം കൂടാതെ അഫാന ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിലും പങ്കുണ്ടെന്ന് സേനയുടെ വക്താവ് ക്യാപ്റ്റൻ ജെയിംസ് ഓയ പറഞ്ഞു.

സെപ്റ്റംബർ ഏഴാം തീയതി റാഫേൽ ഫാടാൻ ഇടവകയിൽ പ്രവർത്തിച്ചിരുന്ന രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് കൊള്ളക്കാർ ദേവാലയം ആക്രമിച്ചത്. ഇടവക ദേവാലയത്തിലെ വികാരി ഫാ. ഇമ്മാനുവൽ ഒക്കോളോയും അസിസ്റ്റന്‍റും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരിന്നു. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതിനും പ്രദേശത്ത് ആയുധ നിർമ്മാണ ഫാക്ടറി നടത്തിയതിനും എട്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലായി 31 ആയുധങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് എകെ - 47 റൈഫിളുകൾ, 10 പിസ്റ്റളുകൾ, എകെ-47 റൈഫിളുകൾ, ഒമ്പത് റിവോൾവറുകൾ, പ്രാദേശികമായി നിർമ്മിച്ച യന്ത്രത്തോക്കുകൾ, പ്രത്യേക വെടിമരുന്ന്, യന്ത്ര ഉപകരണങ്ങൾ എന്നിവയും അക്രമികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.


Related Articles »