News - 2024
നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം മൂന്നു വൈദികരെ കൂടി തടങ്കലിലാക്കി
പ്രവാചകശബ്ദം 03-10-2023 - Tuesday
മനാഗ്വേ: നിക്കരാഗ്വേയിലെ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം മൂന്നു വൈദികരെ കൂടി തടങ്കലിലാക്കി. എസ്‌റ്റെലി രൂപതയിൽ നിന്നുള്ള രണ്ട് കത്തോലിക്ക വൈദികരെയും ജിനോടെഗ രൂപതയിൽ നിന്നുള്ള ഒരാളെയും അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. മാഡ്രിസിലെ സാൻ ജുവാൻ ഡെൽ റിയോ കൊക്കോയിലെ സാൻ ജുവാൻ ഇവാഞ്ചലിസ്റ്റ് ഇടവകയിൽ നിന്നുള്ള ഫാ. ജൂലിയോ റിക്കാർഡോ നൊറോറി, ജലപ്പയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവക ദേവാലയത്തില്‍ നിന്നുള്ള ഫാ. ഇവാൻ സെന്റിനോ, ജിനോടെഗ ഡിപ്പാർട്ട്‌മെന്റിലെ എൽ കുവാ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ന്യൂസ്ട്ര സെനോറ ഡി ലാ മെഴ്‌സ്ഡ് ഇടവക ദേവാലയത്തിലെ ഫാ. ക്രിസ്റ്റോബൽ ഗാഡിയ എന്നിവരെയാണ് തടങ്കലിലാക്കിയിരിക്കുന്നത്.
വൈദികരുടെ അറസ്റ്റിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല. അർദ്ധസൈനികരും പോലീസും വൈദികര്‍ക്കും ഇടവകക്കാർക്കും എതിരെ ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകൽ നടപടിയും തുടരുകയാണെന്ന് നിക്കരാഗ്വേൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ ഇന്നലെ പറഞ്ഞു. ലിയോൺ രൂപതയിലും പോലീസിന്റെ ഭീഷണി തുടരുകയാണ്. അറസ്റ്റിലായ മൂന്ന് വൈദികരും തങ്ങളുടെ പ്രസംഗങ്ങളിൽ വ്യക്തതയുള്ളവരായിരുന്നു. അവർ സുവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ അനുദിനം രാജ്യത്തു അനുഭവിക്കുന്ന അനീതികളെ തുറന്നുക്കാട്ടിയിരിന്നുവെന്നും മാർത്ത പട്രീഷ്യ കൂട്ടിച്ചേര്‍ത്തു.
നാടുകടത്തപ്പെട്ട മനാഗ്വയിലെ സഹായ മെത്രാൻ മോൺ. സിൽവിയോ ജോസ്, സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്‌ക്കെതിരായ ക്രൂരമായ പീഡനത്തെ അപലപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരിന്ന വിവിധ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും തിരുനാള്‍ പ്രദക്ഷിണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയും സഭക്ക് നേരെയുള്ള ഭരണകൂടത്തിന്റെ പോരാട്ടം തുടരുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ജെസ്യൂട്ട് സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കി സ്വത്ത് കണ്ടുകെട്ടിയിരിന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ഏറ്റവും വിമര്‍ശനം ഉന്നയിച്ച ബിഷപ്പ് അല്‍വാരെസിനു 26 വര്‍ഷത്തെ തടവുശിക്ഷയാണ് സര്‍ക്കാര്‍ ഇടപെടലില്‍ കോടതി വിധിച്ചിരിക്കുന്നത്.