News

'ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി' അജ്നയുടെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കരങ്ങളില്‍

പ്രവാചകശബ്ദം 12-10-2023 - Thursday

വത്തിക്കാന്‍ സിറ്റി: അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍. അറേബ്യൻ ഗൾഫിലെ സഭയെ പ്രതിനിധീകരിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ പങ്കെടുക്കുന്ന അല്‍മായ പ്രതിനിധിയും മലയാളിയുമായ മാത്യു തോമസാണ് അജ്നയുടെ ജീവിതകഥയായ "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജ ''Nightingale of the Holy Eucharist'' ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്.

ഫ്രാന്‍സിസ് പാപ്പ വളരെ ശ്രദ്ധയോട് കൂടിയാണ് അജ്നയുടെ ജീവിതത്തെ കുറിച്ച് കേട്ടതെന്നു മാത്യു തോമസ് 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. യുവജനങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്കു, വിശുദ്ധമായ ജീവിതം നയിച്ച അജ്നയുടെ ജീവിതക്കഥ ഒത്തിരി സന്തോഷം പകരുമെന്ന ചിന്ത വന്നതിനാലാണ് പുസ്തകം കൈമാറിയത്. അജ്നയുടെ സഹനങ്ങളെ കുറിച്ച് വിവരിച്ചപ്പോള്‍ പാപ്പയുടെ മുഖഭാവത്തില്‍ പോലും മാറ്റം വന്നുവെന്നും കാന്‍സര്‍ അവസാന സ്റ്റേജിലെ അജ്നയുടെ ചിത്രം പുസ്തകത്തില്‍ കാണിച്ചപ്പോള്‍ പാപ്പയുടെ മുഖത്ത് ദുഃഖം പ്രകടമായിരിന്നുവെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.

അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്ന പുസ്തകം ആമസോണ്‍ പുസ്തക വില്‍പ്പനയില്‍ ക്രിസ്റ്റ്യാനിറ്റി വിഭാഗത്തില്‍ ബെസ്റ്റ് സെല്ലറായി മാറിയിരിന്നു. 159 പേജുള്ള പുസ്തകത്തില്‍ അജ്നയുടെ ജീവിതം നിരവധി ചിത്രങ്ങള്‍ സഹിതം അതിമനോഹരമായ വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കെയ്റോസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകം പതിനൊന്നു എഡിഷനിലായി മുപ്പത്തിയേഴായിരത്തില്‍ അധികം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. ഇംഗ്ലീഷ് എഡിഷന്‍ മൂവായിരത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

തീക്ഷ്ണതയുള്ള ജീസസ് യൂത്ത് പ്രവർത്തകയായിരുന്നു അജ്ന. ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല.

രോഗാവസ്ഥയില്‍ നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉൾക്കൊണ്ടിരിന്നു. ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. കഴിഞ്ഞ വര്‍ഷം ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

Tag: A Tribute To Nightingale of Eucharist, Ajna George Malayalam, Ajna George Jesus Youth, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »