News - 2024

കത്തോലിക്ക വിശ്വാസം സ്വീകരിച്ച എഴുത്തുകാരന് സാഹിത്യത്തിൽ നോബേൽ സമ്മാനം: ആഹ്ലാദം പ്രകടിപ്പിച്ച് നോർവേ സഭ

പ്രവാചകശബ്ദം 18-10-2023 - Wednesday

വത്തിക്കാന്‍ സിറ്റി: പില്‍ക്കാലത്ത് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജോൺ ഫോസെ എന്ന നോർവേ പൗരന് സാഹിത്യത്തിൽ ഈ വർഷത്തെ നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. 1959ൽ ജനിച്ച ഫോസെ കൗമാര പ്രായത്തിൽ തന്നെ തന്റെ ലൂഥറൻ സഭാ വിശ്വാസം ഉപേക്ഷിച്ചുവെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആ വർഷം തന്നെ സ്ലോവാക്യയിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസിയായ അന്ന എന്നൊരു സ്ത്രീയെ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ് ഡൊമിനിക്സ് ആശ്രമത്തിൽവെച്ച് 2012-ലാണ് ഔദ്യോഗികമായി കത്തോലിക്ക സഭയിലേയ്ക്ക് കടന്നുവരുന്നത്.

പരമ്പരാഗതമായി പ്രൊട്ടസ്റ്റന്റ് വിശ്വാസം പിന്തുടരുന്ന രാജ്യത്ത് ഫോസെയുടെ നോബൽ സമ്മാന വിജയം കത്തോലിക്കാ വിശ്വാസത്തിന് കൂടുതൽ സ്വീകാര്യത പകരാന്‍ കാരണമാകുമെന്ന് ട്രോന്തിയം രൂപതയുടെ മെത്രാൻ എറിക്ക് വാർഡൻ പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ നാളായി ജോൺ ഫോസെയെ ബഹുമാനത്തോടെ വായിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെപ്പോലെ ഒരു എഴുത്തുകാരനെ ലഭിച്ചത് രാജ്യത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്. പൊതുജന ശ്രദ്ധയിൽ വരാൻ താല്പര്യപ്പെടുന്നില്ലായെങ്കിലും തന്റെ വിശ്വാസത്തെ പറ്റി പൊതുവേദികളിൽ പറയാൻ അദ്ദേഹം വിമുഖത കാട്ടിയിരുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്തുകൾ വിശ്വാസ സംബന്ധമായ കാര്യങ്ങളെ അഭിമുഖീകരിക്കാൻ സാധ്യത തുറന്നു വയ്ക്കുന്നതാണെന്നും ബിഷപ്പ് കൂട്ടിചേർത്തു.

മദ്യപാനം, മറ്റു ചില പ്രശ്നങ്ങൾ തുടങ്ങിയവ മൂലം ക്ലേശിക്കുമ്പോഴാണ് താൻ കത്തോലിക്ക വിശ്വാസത്തിലേക്ക് തിരിഞ്ഞതെന്നു 2022ൽ 'ദ ന്യൂയോർക്കർ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫോസെ വെളിപ്പെടുത്തിയിരുന്നു. ഒരു കത്തോലിക്കാ ചിത്രകാരനെ കേന്ദ്ര കഥാപാത്രമാക്കി സെപ്റ്റോളജി എന്ന കഥ എഴുതുന്ന നാളുകളായിരുന്നു അത്. ആശങ്ക അനുഭവിക്കുന്നവർ, അരക്ഷിതാവസ്ഥ നേരിടുന്നവർ, ലക്ഷ്യബോധമില്ലാത്തവർ തുടങ്ങിയവരുടെ വാക്കുകൾ കൊണ്ട് വിവരിക്കാൻ ബുദ്ധിമുട്ടുള്ള അനുഭവങ്ങൾക്ക് ശബ്ദമായി മാറാൻ ജോൺ ഫോസെയുടെ എഴുത്തുകൾക്ക് സാധിച്ചുവെന്നു നോബൽ സമ്മാന കമ്മിറ്റി, ചടങ്ങുമായി ബന്ധപ്പെട്ട് ഇറക്കിയ കുറിപ്പിൽ വിലയിരുത്തി. ഡിസംബർ പത്താം തീയതി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആയിരിക്കും അദ്ദേഹത്തിന് ഔദ്യോഗികമായി നോബൽ സമ്മാനം കൈമാറുക.


Related Articles »