News - 2024

ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേലി കുട്ടികളെ മോചിപ്പിച്ചാല്‍ താന്‍ ഹമാസിന്റെ ബന്ദിയാകാന്‍ തയാര്‍: ജെറുസലേം പാത്രിയാര്‍ക്കീസ്

പ്രവാചകശബ്ദം 19-10-2023 - Thursday

ജെറുസലേം: തീവ്രവാദികള്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന ഇസ്രായേലി കുട്ടികളെ മോചിപ്പിച്ചാല്‍ താന്‍ ഹമാസിന്റെ ബന്ദിയാകുവാന്‍ തയാറാണെന്ന് വിശുദ്ധ നാട്ടിലെ ലത്തീന്‍ കത്തോലിക്കരുടെ തലവനും ജെറുസലേമിലെ പാത്രിയാര്‍ക്കീസുമായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഹമാസ് ഭീകരര്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന ഇസ്രായേലി കുട്ടികളെ തിരികെ കൊണ്ടുവരുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ കുഴപ്പമൊന്നും കൂടാതെ വീട്ടിലെത്തിക്കുവാന്‍ കഴിയുമെങ്കില്‍ താന്‍ എന്ത് കൈമാറ്റത്തിനും തയ്യാറാണെന്നു ഇക്കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ആദ്യം ചെയ്യേണ്ടത് ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കുകയാണ്, അല്ലാത്തപക്ഷം അക്രമം തടയാൻ ഒരു മാർഗവുമില്ലായെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ചു കുട്ടികള്‍ ഉള്‍പ്പെടെ 199 പേരെയാണ് ഹമാസ് ബന്ദിയാക്കിയിരിക്കുന്നത്. ഗാസ മുനമ്പിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇസ്രായേല്‍ ഓരോ ആക്രമണം നടത്തുമ്പോഴും ഓരോ ബന്ദിയെ കൊല്ലുമെന്നാണ് ഹമാസ് ഭീകരരുടെ ഭീഷണി. ഇതിനിടെ ഇസ്രായേലി ബന്ദികളെ അതിര്‍ത്തികളില്‍ തീവ്രവാദികള്‍, മനുഷ്യ കവചമായി ഉപയോഗിക്കുമോയെന്ന ആശങ്ക ശക്തമാണ്. അതേസമയം ആയിരത്തിമുന്നൂറോളം ഇസ്രായേലികളെ ഹമാസ് കൊന്നൊടുക്കിയിട്ടും ലോകം പാലസ്തീന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന ആരോപണവുമായി വത്തിക്കാനിലെ ഇസ്രായേലി അംബാസഡര്‍ റാഫേല്‍ ഷൂട്സ് രംഗത്തുവന്നിട്ടുണ്ട്.


Related Articles »