News - 2025
ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയവരുടെ ഓർമ്മയ്ക്കായി 1400 ലില്ലി ചെടി നടാന്‍ ക്രൈസ്തവ വിശ്വാസികൾ
പ്രവാചകശബ്ദം 10-11-2023 - Friday
ജെറുസലേം: ഹമാസ് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ 1400 പേരുടെ ഓർമ്മയ്ക്കായി ക്രൈസ്തവ വിശ്വാസികൾ 1400 ലില്ലി ചെടി നടും. ജെറുസലേമിലെ ഇന്റർനാഷണൽ ക്രിസ്ത്യന്‍ എംബസിയുടെ വൈസ് പ്രസിഡന്റും, വക്താവുമായ ഡേവിഡ് പാർസനാണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തുന്നതിന് രണ്ടു ദിവസങ്ങൾക്കു മുമ്പ് എഴുന്നൂറോളം ക്രൈസ്തവ തീർത്ഥാടകർ, ഇന്റർനാഷണൽ ക്രിസ്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ ഗാസ അതിർത്തിയിൽ ക്രിസ്ത്യന്‍ എംബസി നേച്ചർ പാർക്കിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഹമാസ് തീവ്രവാദികൾ വിവിധ അക്രമണങ്ങളിലൂടെ അഗ്നിക്ക് ഇരയാക്കിയ ബീരി കാടുകളുടെ ഒരു ഭാഗത്ത് മരങ്ങൾവെച്ച് പിടിപ്പിച്ച് മനോഹരമാക്കിയ സ്ഥലത്തിനാണ് ക്രിസ്ത്യന്‍ എംബസി നേച്ചർ പാർക്ക് എന്ന് പേരിട്ടിരിക്കുന്നത്. 126 ഏക്കറോളം വരുന്ന ഈ സ്ഥലത്ത് ഓക്ക്, യൂക്കാലിപ്സ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ അഞ്ചാം തീയതി പ്രദേശത്തെ ഒരു സ്കൂളിലെത്തി അതിർത്തിയിൽ താമസിക്കുന്ന ഇസ്രായേലികൾക്ക് അക്രമങ്ങളിൽ നിന്ന് പൂർവ്വ സ്ഥിതിയിൽ എത്തുന്നതിനു വേണ്ടിയുള്ള പ്രോത്സാഹനം നൽകുന്ന ഒരു റാലിയിലും ക്രൈസ്തവ വിശ്വാസികൾ പങ്കെടുത്തിരുന്നു.
ഒക്ടോബർ ഏഴാം തീയതി അക്രമണം നടന്ന സ്ഥലങ്ങളിൽ ഡേവിഡ് പാർസൺ സന്ദർശനം നടത്തി. പൈശാചികം എന്നാണ് അക്രമ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് വിശുദ്ധ നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് പാർസൺ പറഞ്ഞു. മേഖലയിൽ, സമാധാനവും സുരക്ഷയും കൊണ്ടുവരുന്നതിന് വേണ്ടി തങ്ങളെക്കൊണ്ട് കഴിയുന്നവിധം സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മരണപ്പെട്ടവരുടെ സ്മരണാര്‍ത്ഥം വരും ദിവസങ്ങളില്‍ ലില്ലി ചെടി നടും.