News

തിരുപ്പിറവിയെ അവഹേളിച്ച് നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുസ് ആനിമേഷന്‍ സിനിമ; പ്രതിഷേധം ശക്തം

പ്രവാചകശബ്ദം 19-12-2024 - Thursday

യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ റിച്ചാര്‍ഡ് കുര്‍ട്ടിസിന്റെ കുട്ടികളുടെ പുസ്തക പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ സിനിമ. സിനിമയില്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാര രംഗത്ത് യേശുക്രിസ്തു ഭ്രൂണഹത്യയെ പിന്തുണക്കുന്നു എന്ന് പറഞ്ഞ് വിവാദത്തിലായിട്ടുള്ള പോപ്‌ ഗായിക മഡോണയുടെ ഗാനശകലം ഉള്‍പ്പെടുത്തിയിട്ടുള്ളതു ഉള്‍പ്പെടെ സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയെ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്.

നിരവധി പേരാണ് ഈ സിനിമക്കെതിരെരംഗത്ത് വന്നിരിക്കുന്നത്. ബെര്‍ണാഡെറ്റെ എന്ന കൗമാരക്കാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്കൂള്‍ കുട്ടികള്‍ യേശുവിന്റെ ജനനത്തെ ദൃശ്യാവിഷ്കരിക്കുമ്പോള്‍ തിരുപ്പിറവിയെക്കുറിച്ചുള്ള ബൈബിള്‍ കഥയിലൊരു പുനരെഴുത്ത് നടത്തുകയാണെന്ന് പറയുന്ന വിവാദ രംഗത്തോടെയാണ് ദൃശ്യാവിഷ്കാരം ആരംഭിക്കുന്നത്. യേശുക്രിസ്തുവിനെ ‘കൂള്‍ ഡൂഡ്’ എന്ന വിശേഷണം നല്‍കി തിരുപിറവി ദൃശ്യാവിഷ്കാരത്തിലുടനീളം ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശത്തിന്റെ അവഹേളനമാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യേശുവിന്റെ താടിയും നീണ്ട മുടിയും പരാമര്‍ശിച്ചുകൊണ്ട് യേശുവിനെ ഒരു പരിഷ്കാരിയാണെന്നും സിനിമയില്‍ ആക്ഷേപിക്കുന്നു. വര്‍ഷാവര്‍ഷം വിരസമായ ക്രിസ്തുമസ് സംഭവക്കഥ അവതരിപ്പിക്കുന്നതില്‍ യേശുവിന് താല്‍പര്യമുണ്ടാവില്ലല്ലോ? എന്ന് കാണികളോട് ചോദിക്കുന്ന ബെര്‍ണാഡെറ്റെ - പോപ്‌ ഗാനങ്ങളും, കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചുള്ള കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന സാംസ്കാരിക ആഘോഷമാണ് യേശുവിന് ഇഷ്ടമാകുക എന്നും പറയുന്നുണ്ട്. ആട്ടിടയന്‍മാരെ ആടുമേക്കുന്നതിന് പകരം പച്ചക്കറി കൃഷിക്കാരായി ചിത്രീകരിച്ചതിന് പുറമേ, ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി യേശുവിനെ കണ്ടു വണങ്ങുവാന്‍ എത്തുന്ന മൂന്ന് ജ്ഞാനികളെ പുരുഷന്‍മാര്‍ക്ക് പകരം സ്ത്രീകളായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്.



പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഗര്‍ഭത്തേക്കുറിച്ച് പാടുന്നതാകട്ടെ 1986-ലെ മഡോണയുടെ “പാപ്പ എന്നെ ഉപദേശിക്കരുത്” എന്ന ഗാനമാണെന്നതും അവഹേളനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുപ്പിറവിയെ പരിഹസിച്ചുകൊണ്ടുള്ള സിനിമ അതിന്റെ പരിധികള്‍ ലംഘിച്ചുവെന്ന് സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്കയുടെ സൗത്ത്-ഈസ്റ്റ് കാംപസിലെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്ററായ മേരി-ലോഗന്‍ മിസ്കെ സമൂഹമാധ്യമത്തില്‍ കുറിച്ചു. മാതാപിതാക്കള്‍ ഇപ്പോഴും നെറ്റ്ഫ്ലിക്സ് വരിക്കാരാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന്‍ ബ്ലേസ് മീഡിയ സമ്പാദകനായ അല്ലെന്‍ മാഷ്‌ബേണ്‍ പറഞ്ഞു.



സിനിമയുടെ പിന്നിലെ നിഗൂഢ അജണ്ടയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. എന്നാല്‍ വിവാദങ്ങളോട് ഇതുവരെ നെറ്റ്ഫ്ലിക്സ് പ്രതികരിച്ചിട്ടില്ല. പോപ്‌ ഗായിക മഡോണയാണ് ഗാനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുള്ളത്. തന്റെ സംഗീത ജീവിതത്തിലുടനീളം ഭ്രൂണഹത്യയെ പിന്താങ്ങുകയും, തന്റെ ഗാനങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുകയും ചെയ്ത പോപ്‌ ഗായികയാണ് മഡോണ. 2019-ല്‍ ഒരു ഓസ്ട്രേലിയന്‍ ടോക്ക് ഷോയില്‍വെച്ച് ഭ്രൂണഹത്യയെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ നിലപാട് മാറ്റണമെന്ന് മഡോണ ആവശ്യപ്പെട്ടിരുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »